‘നിദ ഖാൻ എച്ച്.ആർ മാനേജരല്ല, നേതൃപരമായ പദവികളൊന്നുമില്ല’; മാധ്യമ വാർത്തകൾ തള്ളി ടി.സി.എസ്

മുംബൈ: നാ​സി​ക്​ ടി.​സി.​എ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ണ-​മ​തം​മാ​റ്റ കേ​സിലെ മുഖ്യസൂത്രധാരയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). നിദ ഖാൻ എച്ച്.ആർ മാനേജരോ നേതൃപരമായ പദവികൾ വഹിക്കുന്ന വ്യക്തിയോ അല്ലെന്നും അവർ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നും ടി.സി.എസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ടി.സി.എസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കെ. കൃതിവാസനാണ് പ്രസ്താവന പുറത്തിറക്കിയത്. നിദ ഖാന് റിക്രൂട്ട്‌മെന്റ് നടപടികളിൽ യാതൊരു പങ്കുമില്ലെന്നും സി.ഇ.ഒ വ്യക്തമാക്കി. പ്രോസസ് അസോസിയേറ്റ് ആയിരുന്ന അവർക്ക് കമ്പനിയിൽ യാതൊരുവിധ നേതൃപരമായ ഉത്തരവാദിത്തങ്ങളും നൽകിയിരുന്നില്ല.

നിദ ഖാൻ എച്ച്.ആർ മാനേജരാണെന്നും റിക്രൂട്ട്‌മെന്റിൽ അവർക്കുള്ള അധികാരം ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതെന്നുമായിരുന്നു ഭൂരിഭാഗം മാധ്യമ റിപ്പോർട്ടുകളും ആരോപിച്ചിരുന്നത്. എന്നാൽ അവർ ഒരു ജൂനിയർ ജീവനക്കാരി മാത്രമാണെന്ന കമ്പനിയുടെ വെളിപ്പെടുത്തൽ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. ഇ​തി​നി​ടെ, നി​ദ ഖാ​ന്റെ ഭ​ർ​ത്താ​വി​നെ നാ​സി​ക് പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ.​ടി.​എ​സ്) വെ​ള്ളി​യാ​ഴ്ച ചോ​ദ്യം​ചെ​യ്തു.

വസ്തുതകൾ പരിശോധിക്കാതെ ഒരു വ്യക്തിയുടെ പദവിയെയും സ്വാധീനത്തെയും കുറിച്ച് മാധ്യമങ്ങൾ നടത്തിയ പ്രചാരണങ്ങൾ പൊതുജനമധ്യത്തിൽ തെറ്റായ ധാരണയുണ്ടാക്കാൻ കാരണമായെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിദ ഖാൻ എച്ച്.ആർ വിഭാഗത്തിലല്ല ജോലി ചെയ്തിരുന്നതെന്ന് അവരുടെ കുടുംബവും വ്യക്തമാക്കിയിരുന്നു. നാ​സി​ക്​ ടി.​സി.​എ​സി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ണ-​മ​തം​മാ​റ്റ കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും നാ​സി​കി​ലെ ‘ആ​ൾ ദൈ​വ’​ത്തി​ന്​ എ​തി​രാ​യ കേ​സി​ൽ​നി​ന്ന്​ ശ്ര​ദ്ധ​തി​രി​ക്കാ​ൻ വേ​ണ്ടി, പ്ര​ണ​യ​വ​ഞ്ച​ന കേ​സി​ലേ​ക്ക് ചി​ല വ​ർ​ഗീ​യ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാണ് ബ​ന്ധു​ക്ക​ൾ പറഞ്ഞത്.

ദേശീയ മാധ്യമങ്ങളായ എൻ.ഡി.ടി.വി, ആജ് തക്, ന്യൂസ് 18 തുടങ്ങിയവയും നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും നിദ ഖാനെ 'എച്ച്.ആർ ഹെഡ്' എന്നും 'മാസ്റ്റർമൈൻഡ്' എന്നും വിശേഷിപ്പിച്ച് വാർത്തകൾ നൽകിയിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ നേരത്തേയുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രതിരോധത്തിലായിരിക്കുകയാണ്. 

Tags:    
News Summary - Nida Khan not an HR manager, held no leadership role: TCS refutes media reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.