ഹണിമൂൺ യാത്രക്കിടെ നവവരൻ ദുരൂഹമായി കൊല്ലപ്പെട്ടു; ഭാര്യയെ കാണാതായി

ഇൻഡോർ (മധ്യപ്രദേശ്): ഇൻഡോർ സ്വദേശിയായ നവവരൻ ദുരൂഹമായി മേഘാലയയിൽ കൊല്ലപ്പെട്ടു. ഹണിമൂൺ യാത്രക്കു പോയ ഇൻഡോറിൽനിന്നുള്ള രാജ രഘുവംശിയാണ് (29) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭാര്യ സോനത്തെ കാണാതായിട്ടുണ്ട്.

ദമ്പതികളെ കാണാതായി 11 ദിവസങ്ങൾക്ക് ശേഷം ജൂൺ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം സോനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. മേഘാലയ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.

കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധമായ വടിവാളും കൂടെ മൊബൈൽ ഫോണും മേഘാലയ പോലീസ് കണ്ടെടുത്തു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദമ്പതികളും പ്രാദേശിക കോഫി വിൽപ്പനക്കാരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം സംശയിക്കുന്നത്. തങ്ങൾ ഒരു വടിവാൾ കണ്ടെടുത്തിട്ടുണ്ടെന്നും ഇത് കൊലപാതക ആവശ്യത്തിനായി മാത്രം ഉപയോഗിച്ചതാണെന്നും ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ പൊലീസ് മേധാവി വിവേക് ​​സീയാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൂടുതൽ തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജയുടെ ഭാര്യ സോനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. അന്വേഷണ പുരോഗതി നിരീക്ഷിക്കാൻ ഒരു മജിസ്‌ട്രേറ്റിനെയും നിയമിച്ചിട്ടുണ്ട്.

മറുവശത്ത്, മേഘാലയ പോലീസിന്റെ അന്വേഷണത്തിൽ രാജയുടെ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തിലും സോനത്തിന്റെ തിരോധാനത്തിലും പ്രാദേശിക ഹോട്ടൽ, റസ്റ്റോറന്റ് ജീവനക്കാരുടെ പങ്കിനെ കുറിച്ച് രാജയുടെ സഹോദരൻ സംശയം ഉന്നയിച്ചു. ഇതിൽ ഉൾപ്പെട്ടവരെ കർശനമായി ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Newlyweds mysteriously killed during honeymoon; wife missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.