റായ്പുർ: കോൺഗ്രസിന്റെ റായ്പുർ പ്ലീനറി സമ്മേളനത്തിൽ മുഖച്ഛായ മാറി കേരളം. മുൻകാല ദേശീയ സമ്മേളനങ്ങളിലെ പതിവു മുഖങ്ങൾ പലതും അപ്രത്യക്ഷം. ദേശീയ രാഷ്ട്രീയത്തിൽ നിന്നുതന്നെ പിന്മാറിയ എ.കെ. ആന്റണിയാണ് അക്കൂട്ടത്തിൽ പ്രമുഖൻ. ഉമ്മൻ ചാണ്ടി, വയലാർ രവി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ അസാന്നിധ്യവും തലമുറമാറ്റം പ്രതിഫലിപ്പിച്ചു.
റായ്പുരിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതിനൊപ്പം കോൺഗ്രസിന്റെ നേതൃസമിതികളിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടുമുണ്ട് എ.കെ. ആന്റണി. 80 കഴിഞ്ഞ ആന്റണി ദേശീയ രാഷ്ട്രീയത്തിൽനിന്ന് നേരത്തേ തന്നെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുക പോലും വേണ്ടെന്ന തീരുമാനം ദേശീയ നേതാക്കൾ തന്നെ ചർച്ച ചെയ്യുന്നുണ്ട്. മകൻ അനിൽ ആന്റണിയുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററി വിവാദവും ആന്റണിയുടെ പിന്മാറ്റത്തിനു പ്രേരകമായോ എന്ന വിധത്തിലാണ് ചർച്ച.
കോൺഗ്രസിന്റെ സുപ്രധാന സമിതിയായ സ്റ്റിയറിങ് കമ്മിറ്റിയിൽ പതിവു മുഖമാകേണ്ട ആന്റണിക്കൊപ്പം ഉമ്മൻ ചാണ്ടിയും എത്താതിരുന്നത് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ്. ഫലത്തിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ ഏക മലയാളി മുഖം കെ.സി. വേണുഗോപാൽ ആയിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്ര-സംസ്ഥാന നേതാക്കളുമായുള്ള അകൽച്ച മൂലമാണ് വിട്ടുനിൽക്കുന്നത്. മുല്ലപ്പള്ളി മതിയായ പരിഗണന കിട്ടാത്തതിൽ കടുത്ത അതൃപ്തിയിലാണ്. റായ്പുരിന് ടിക്കറ്റ് ബുക്കുചെയ്ത ശേഷം അവസാന സമയമാണ് പിന്മാറ്റം.
കെ.സി. വേണുഗോപാലിനു പുറമെ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പ്രവർത്തക സമിതിയിലെത്താൻ സാധ്യത ഏറിയിട്ടുണ്ട്. ശശി തരൂരിനെ ഉൾപ്പെടുത്തുന്നത് സമസ്യയായി തുടരുന്നു. തലമുറമാറ്റത്തിലൂടെ വേണുഗോപാലിനൊപ്പം ദേശീയ നേതൃനിരയിലേക്ക് കടന്നുനിൽക്കുന്നത് ഇവർ മൂന്നു പേരാണ്. പുതിയ കൂടാരങ്ങളിൽ ചേക്കേറിയ കെ.വി. തോമസും പി.സി. ചാക്കോയും കാണാമറയത്തായെങ്കിൽ, ഇടതു ക്യാമ്പ് വിട്ട ചെറിയാൻ ഫിലിപ് പ്ലീനറിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.