ടാറ്റയുടെ എയർ ഇന്ത്യയെ നയിക്കാൻ ഇൽകെർ അയ്ജു വരില്ല; സി.ഇ.ഒ സ്ഥാനം നിരസിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവി നിരസിച്ച് തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ മെഹ്‌മത് ഇൽകെർ അയ്ജു. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ, വിമാനക്കമ്പനിയെ നയിക്കാൻ ഇൽകെർ അയ്ജുവിനെ ടാറ്റ തീരുമാനിച്ചിരുന്നു. മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായുമായി അയ്ജുവിനെ നിയമിക്കാനായിരുന്നു ടാറ്റയുടെ താൽപര്യം. എന്നാൽ, അയ്ജുവിന്‍റെ നിയമനത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് സി.ഇ.ഒ സ്ഥാനം ഇൽകെർ അയ്ജു ഏറ്റെടുക്കില്ലെന്ന് അറിയിച്ചതായി ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 

സംഘപരിവാര്‍ അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് അയ്ജുവിനെതിരെ രംഗത്തെത്തിയത്. അദ്ദേഹത്തെ എയര്‍ ഇന്ത്യ തലവനായി നിയമിച്ച നടപടി വിലക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ മോശപ്പെട്ട ബന്ധവും ഇല്‍കര്‍ അയ്ജുവിന്‍റെ മുന്‍കാല ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതടക്കമുള്ള വിഷയങ്ങളില്‍ തുര്‍ക്കി ഇന്ത്യയ്ക്ക് എതിരെ നിലപാട് എടുത്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖത്തിലല്ല.

'തന്‍റെ നിയമനത്തിന് ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയതായി' ഇൽകെർ അയ്ജു പ്രസ്താവനയിൽ പറഞ്ഞു. അത്തരമൊരു ആഖ്യാനത്തിന്റെ നിഴലിൽ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമോ ആയിരിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരനുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് ഖേദപൂർവ്വം അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാനായിരുന്ന അയ്ജു തുര്‍ക്കി പ്രസിന്റ് എര്‍ദോഗാന്‍ ഇസ്താംബുള്‍ മേയര്‍ ആയിരിക്കേ 1994ല്‍ അദ്ദേഹത്തിന്‍റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. 2015 മുതൽ തുർക്കിഷ് എയർലൈൻസ് ചെയർമാനായുള്ള പ്രവർത്തന മികവാണ് അദ്ദേഹത്തെ എയർ ഇന്ത്യയുടെ തലപ്പത്തേക്ക് പരിഗണിക്കാനിടയാക്കിയത്. ഏപ്രിൽ ഒന്നിന് മുമ്പായി അദ്ദേഹം പുതിയ ചുമതലയേറ്റെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. 

Tags:    
News Summary - New Air India CEO Declines Job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.