‘ബി.ജെ.പിയുടേ​ത് ഭിന്നിപ്പിക്കൽ രാഷ്ട്രീയം’; നേതാജിയുടെ ബന്ധുവായ മുൻ ബി.ജെ.പി നേതാവ് തൃണമൂലിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവും മുൻ ബി.ജെ.പി നേതാവുമായ ചന്ദ്രബോസ് തൃണമൂൺ കോൺഗ്രസിൽ ചേർന്നു. മന്ത്രിയായ ബ്രത്യ ബസുവിന്റെയും ടി.എം.സി എം.പിയായ കീർത്തി ആസാദിന്റെയും സാന്നിധ്യത്തിലാണ് ഞായറാഴ്ച ചന്ദ്രബോസ് തൃണമൂലിൽ ചേർന്നത്. ബി.ജെ.പി ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും സ്വാതന്ത്ര്യ സമര സേനാനിയുടെ ആദർശങ്ങൾ പിന്തുടരുന്നില്ലെന്നും ചന്ദ്രബോസ് ആരോപിച്ചു.

‘ബി.ജെ.പിയിൽ ആയിരിക്കുമ്പോൾ നേതാജിയുടെ ആദർശങ്ങൾ പിന്തുടരാൻ കഴിയില്ല. ഇന്ന്, ബി.ജെ.പി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ മുഴുകുകയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കാണുന്നു. ഇന്ത്യയെ രക്ഷിക്കാനും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ ചെറുക്കാനും നമ്മൾ ഇപ്പോൾ പോരാടണം’ -ടി.എം.സിയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

2016ലാണ് ചന്ദ്രബോസ് ബി.ജെ.പിയിൽ ചേരുന്നത്. ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഭബാനിപൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊൽക്കത്ത ദക്ഷിണിൽ നിന്ന് മത്സരിച്ചെങ്കിലും വീണ്ടും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വർധിക്കുകയും 2023 സെപ്റ്റംബറിൽ അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ബി.ജെ.പി വിട്ടതിനുശേഷം, നിരവധി വിഷയങ്ങളിൽ ചന്ദ്രബോസ് മമത ബാനർജിയുടെ നിലപാടിനെ പ്രശംസിച്ചിരുന്നു.

ബി.ജെ.പിയിൽ ചേർന്ന തന്റെ തീരുമാനത്തെ ‘ചരിത്രപരമായ മണ്ടത്തരം’ എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനായി വോട്ടർമാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുക എന്നതാണ് ഏതെങ്കിലും പാർട്ടിയുടെ ലക്ഷ്യമെങ്കിൽ എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല -എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23നും ഏപ്രിൽ 29നുമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. 

Tags:    
News Summary - Netajis Grandnephew Joins Trinamool Ahead of Bengal Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.