അദാനിക്കോ അംബാനിക്കോ 'ദ വയർ'വിൽപ്പനയ്ക്ക് വച്ചിട്ടില്ല; ഞങ്ങളെന്നും വായനക്കാർക്കൊപ്പം -ട്വീറ്റുമായി സിദ്ധാർഥ് വരദരാജൻ

അദാനിക്കോ അംബാനിക്കോ 'ദ വയർ'വിൽപ്പനയ്ക്ക് വച്ചിട്ടില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. ഓൺലൈൻ വാർത്താ പോർട്ടലായ 'ദ വയർ' സ്ഥാപകനും എഡിറ്ററുമാണ് സിദ്ധാർഥ് വരദരാജൻ. എൻ.ഡി.ടി.വിയിലേക്ക് കുറുക്കുവഴിയിലൂടെ അദാനി പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 'ദി വയർ വിൽപ്പനക്ക് വച്ചിട്ടില്ല. അത് അദാനിക്കായാലും അംബാനിക്കായാലും മറ്റ് സഹചാരികൾക്കായാലും. ഞങ്ങളെന്നും വായനക്കാർക്കും ​പ്രേക്ഷകർക്കുമൊപ്പമാണ്'-സിദ്ധാർഥ് വരദരാജൻ ട്വിറ്ററിൽ കുറിച്ചു. അദാനിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന യാത്ര നടത്തുന്നതിന്റെ ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

രാജ്യത്ത്‌ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന്‌ നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന എൻ.നരേന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ സ്വതന്ത്ര മാധ്യമങ്ങൾക്ക്‌ സാധിക്കും. സത്യസന്ധമായ ബദൽ മാധ്യമപ്രവർത്തനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ചർച്ചകൾക്കുപോലും സർക്കാർ തയ്യാറാകുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട പാർലമെന്റംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌ത്‌ പുറത്താക്കി. കറുത്ത വസ്ത്രമണിഞ്ഞുള്ള സമരത്തെ രാമക്ഷേത്രത്തിനെതിരായ പ്രതിഷേധമായാണ്‌ അമിത്‌ ഷാ വിലയിരുത്തിയത്‌. ആഭ്യന്തരമന്ത്രിതന്നെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. സർക്കാരിനെ വിമർശിക്കുന്നവർ ജാമ്യമില്ലാതെ തടവിലാണ്‌.

എന്നാൽ, വർഗീയ വിഷം ചീറ്റുകയും വംശഹത്യയ്‌ക്ക്‌ ആഹ്വാനം നൽകുകയും ചെയ്യുന്നവർക്ക്‌ പ്രോത്സാഹനം ലഭിക്കുകയാണ്‌. ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കുന്നത്‌ വളരെ എളുപ്പത്തിലാണ്‌. കോടതികൾ സർക്കാരിനെ സഹായിക്കുന്ന സ്ഥാപനങ്ങളായി. ഭരിക്കുന്ന പാർടിക്ക്‌ ഫണ്ട്‌ നൽകുന്നവരാരെന്നുപോലുമറിയാത്ത അവസ്ഥയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട കേസും കെട്ടിക്കിടക്കുന്നു.

ഫെഡറലിസത്തെയും ലക്ഷ്യംവച്ചിരിക്കുകയാണ്‌. സംസ്ഥാനങ്ങൾ ശക്തമായിരുന്നാലേ കേന്ദ്രത്തിനും അത്‌ സാധ്യമാകൂ. ഫെഡറലിസത്തിനെതിരായ നീക്കങ്ങൾക്കെതിരെ കേരളം, തമിഴ്‌നാട്‌ അടക്കമുള്ള സംസ്ഥാനങ്ങളിൽ ചില പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്‌.

മാധ്യമങ്ങൾ ഭൂരിപക്ഷവും കേന്ദ്രസർക്കാർ ക്യാമ്പിലാണ്‌. വർഗീയതയുടെയും മുസ്ലിം വിരുദ്ധതയുടെയും പ്രചാരകരായി അത്തരം മാധ്യമങ്ങൾ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പ്രമുഖ ടി.വി ചാനലായ എൻ.ഡി.ടി.വിയുടെ നിയന്ത്രണം വ്യവസായി ഗൗതം അദാനി പിടിച്ചടക്കുന്നതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. മാധ്യമലോകത്തെ അമ്പരപ്പിച്ച ഈ നീക്കത്തിലൂടെ സ്വതന്ത്ര മാധ്യമങ്ങളുടെ രൂപസാദൃശ്യംപോലും കശക്കിയെറിയുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികൾ അദാനി വളഞ്ഞ വഴിയിലൂടെയാണ് സ്വന്തമാക്കിയത്. മറ്റൊരു 26 ശതമാനംകൂടി സമ്പാദിക്കാൻ നീക്കം നടത്തുന്നുമുണ്ട്. ചൊവ്വാഴ്ച വരെ വിവരം അറിഞ്ഞതേയില്ലെന്നും ചർച്ചയോ അനുമതിയോ കൂടാതെയാണ് ഓഹരി കൈമാറ്റം നടത്തിയതെന്നും എൻ.ഡി.ടി.വി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ സവിശേഷ സുഹൃത്ത് നയിക്കുന്ന ഊതിവീർപ്പിച്ച കമ്പനി പ്രമുഖ ടി.വി ചാനലിന്റെ നിയന്ത്രണം കൈയടക്കിയത് രാഷ്ട്രീയ-സാമ്പത്തിക അധികാര കേന്ദ്രീകരണമല്ലാതെ മറ്റൊന്നുമല്ലെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഈ ഇടപാടിൽ 'വിശ്വപ്രധാന്റെ' പങ്കാളിത്തം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അവസാന കേന്ദ്രവും വ്യവസായി ഏറ്റെടുക്കുകയാണെന്ന് പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ എം.പി പറഞ്ഞു. ഇതിൽ നമ്മൾ ആശങ്കപ്പെടണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

Tags:    
News Summary - 'The Wire' is not up for sale; Siddharth Varadarajan tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.