ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ കേസിലെ പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി വാഷിങ്ടണിൽ അറസ്റ്റിൽ. ഇതേ കേസുമായി ബന്ധപ്പെട്ടു തന്നെയാണ് അറസ്റ്റ്. ബെൽജിയൻ പൗരനായ നേഹൽ ജൂലൈ നാലിനാണ് അറസ്റ്റിലായതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
നേഹലിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു പ്രകാരമാണ് യു.എസ് അധികൃതരുടെ അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമാണ് നേഹലിനെ കൈമാറണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കാൻ നീരവ് മോദിയെ സഹായിച്ചുവെന്നാണ് നേഹലിനെതിരായ കേസ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനത്തിലെ സെക്ഷന്‍ മൂന്ന്, ഇന്ത്യന്‍ ന്യായ സംഹിതയിലെ സെക്ഷന്‍ 120 ബി, 201 പ്രകാരമുള്ള ക്രമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നേഹലിനെതിരെ ചുമത്തിയത്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയംതേടിയ നീരവ് മോദിയെ 2019 മാർച്ചിൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ 2019 ൽ പിടികിട്ടാപ്പുള്ളി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
വ്യാജ രേഖകളുണ്ടാക്കി പഞ്ചാബ് ബാങ്കിൽ നിന്ന് ഏതാണ്ട് 13,500 കോടി രൂപയുടെ വായ്പ തട്ടിയെടുത്തുവെന്നാണ് കേസ്. ഇതിൽ നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, നേഹൽ എന്നിവരെ പ്രതി ചേർത്താണ് ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണം പുരോഗമിക്കുന്നത്.
2018ലാണ് മെഹുൽ ചോക്സി ഇന്ത്യയിൽ നിന്ന് കടന്നു കളഞ്ഞത്. പിന്നീട് ആന്റിഗ്വയിലും ബാർബുഡയിലും അഭയം തേടുകയായിരുന്നു. ഇയാളെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച ബെൽജിയൻ സർക്കാർ ഈ വർഷാദ്യം ഇയാളെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.