ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് യു.ജിയുടെ പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം ഉയരുന്നു. രാജസ്ഥാനിലെ സിക്കറിൽ പരീക്ഷക്കുമുമ്പ് പ്രചരിച്ച, കൈപ്പടയിൽ തയാറാക്കിയ ‘മാതൃക ചോദ്യ പേപ്പറി’ലെ 135 ചോദ്യങ്ങൾ നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പറുമായി സാമ്യം. 720 മാർക്കിന്റെ പരീക്ഷയിൽ ഏകദേശം 600 മാർക്കിനുള്ള ചോദ്യങ്ങൾ പരീക്ഷക്ക് രണ്ടുദിവസം മുമ്പേ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിൽ ഉണ്ടെന്നാണ് ആരോപണം.
20,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യങ്ങൾ വിദ്യാർഥികൾക്കിടയിൽ വിറ്റഴിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മാതൃകാ ചോദ്യ പേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷ ചോദ്യ പേപ്പറിലെ ചോദ്യങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പും (എസ്.ഒ.ജി) കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിയിലേക്കാണ് നിലവിൽ അന്വേഷണം നീളുന്നത്. ഇയാൾ മേയ് ഒന്നിന് സിക്കറിലുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങൾ കോച്ചിങ് സെന്ററുകൾ വഴിയും മെസേജിങ് ആപ്പുകൾ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പല ചോദ്യങ്ങളിലെയും ഉത്തരങ്ങളുടെ ക്രമം പോലും മാറ്റമില്ലാതെയാണ് പരീക്ഷയിൽ പ്രത്യക്ഷപ്പെട്ടത് എന്നത് അസ്വാഭാവികമായ കൃത്യതയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
പരീക്ഷ കഴിഞ്ഞ് നാലുദിവസത്തിന് ശേഷമാണ് പരാതികൾ ശ്രദ്ധയിൽപ്പെട്ടതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി. രാജസ്ഥാൻ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എൻ.ടി.എ അറിയിച്ചു. 2024ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ചയും ക്രമക്കേടുകളും വലിയ പ്രതിഷേധങ്ങൾക്കും സുപ്രീംകോടതി ഇടപെടലുകൾക്കും വഴിവെച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.