ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ സുരക്ഷിതമായി നടത്താൻ വിപ്ലവാത്മക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. പരീക്ഷാ ചോദ്യപേപ്പറുകൾ അച്ചടിശാലകളിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്ന കാര്യം കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് റിപ്പോർട്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നീറ്റ് റീടെസ്റ്റിന്റെ ഒരുക്കങ്ങൾ നിരീക്ഷിക്കുന്നത്.
നിലവിൽ തപാൽ ശൃംഖല വഴിയും ബാങ്ക് ലോക്കറുകൾ വഴിയുമാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നത്. എന്നാൽ ഇതിൽ പലയിടത്തും സുരക്ഷാവീഴ്ചകൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് മിലിട്ടറി ലോജിസ്റ്റിക്സിന്റെ സഹായം തേടാൻ ആലോചിക്കുന്നത്. ജൂൺ മാസത്തിലെ മോശം കാലാവസ്ഥയും മഴയും കൂടി കണക്കിലെടുത്താണ് വ്യോമസേനയെ പങ്കാളിയാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മെയ് 3-ന് നടന്ന പരീക്ഷയിൽ വലിയ രീതിയിലുള്ള ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും കണ്ടെത്തിയതിനെത്തുടർന്നാണ് മെയ് 12-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. പുതിയ പരീക്ഷക്കായി "സീറോ ട്രസ്റ്റ്, ഓൾവേയ്‌സ് ഇൻസ്‌പെക്ട്" എന്ന കർശനമായ സുരക്ഷാ നയമാണ് എൻ.ടി.എ സ്വീകരിച്ചിരിക്കുന്നത്. ചോദ്യപേപ്പർ അച്ചടി, പാക്കിംഗ്, വിതരണം, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവയിലെല്ലാം മുൻപെങ്ങുമില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളായിരിക്കും ഇത്തവണ ഉണ്ടാവുക.
അതേസമയം, നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ മുന്നോട്ട് കൊണ്ടുപോകുകയാണ്. രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ നിരവധി പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.