ലഖ്നോ: വികസനത്തിന് പഴയ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ നിയമങ്ങൾ ഇപ്പോൾ ബാധ്യതയായെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ റെയിൽ പദ്ധതി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകരുടെ സമരം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
സമഗ്രമായ പരിഷ്കാരങ്ങളാണ് തെൻറ സർക്കാർ നടപ്പാക്കുന്നത്. നേരത്തേയിത് ചില മേഖലകളിലും വകുപ്പുകളിലും മാത്രമായിരുന്നു. ഇൗ മാറ്റങ്ങൾ ജനങ്ങളടെ ആത്മവിശ്വാസം വർധിപ്പിച്ചു. അത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കാണാമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കർഷക സംഘടനകൾ ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാർഷിക ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.
ജീവിതം കൂടുതൽ എളുപ്പമാക്കാനും നിക്ഷേപം വർധിപ്പിക്കാനും ആധുനിക സാങ്കേതിക വിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താജ്മഹൽ, ആഗ്ര കോട്ട, സിക്കന്തറ വിനോദസഞ്ചാര കേന്ദ്രങ്ങളെ റെയിൽവേ സ്റ്റേഷനുമായും ബസ് സ്റ്റാൻറുകളുമായും ബന്ധിപ്പിക്കുന്നതാണ് 8379 കോടി രൂപയുടെ ആഗ്ര മെട്രോ റെയിൽ പദ്ധതി. അഞ്ച് വർഷം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.