എൻ.ഡി.ടി.വി വിൽപ്പനക്കൊരുങ്ങുകയാണോ? വിശദീകരണവുമായി ചാനൽ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാർത്താ ചാനലായ എൻ.ഡി.ടി.വി വിൽപ്പനക്കൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് വിഷയത്തിൽ പ്രസ്താവനയിറക്കിയിരിക്കുകയാണ് ചാനൽ. തങ്ങൾ ഉടമസ്ഥമാറ്റത്തിനോ മറ്റേതെങ്കിലും മാറ്റങ്ങൾക്കോ ആയി ഒരു സ്ഥാപനവുമായും ചർച്ചയിലല്ലെന്ന് എൻ.ഡി.ടി.വി പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥാപക-പ്രമോട്ടർമാരായ രാധിക റോയ്, പ്രണോയ് റോയ് എന്നിവരുടെ കൈവശമാണ് എൻ.ഡി.ടി.വി‍യുടെ 61.45 ശതമാനം ഓഹരിയും.

ഉടമസ്ഥത മാറ്റമെന്ന അഭ്യൂഹത്തെ തുടർന്ന് ഓഹരിവിപണിയിൽ എൻ.ഡി.ടി.വിയുടെ മൂല്യം കുത്തനെ ഉയർന്നിരുന്നു. അടിസ്ഥാനമില്ലാത്ത അഭ്യൂഹങ്ങളെ നിയന്ത്രിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്നും ഇത്തരം അഭ്യൂഹങ്ങളെ തുടർന്നുള്ള ചർച്ചയുടെ ഭാഗമാകാനാവില്ലെന്നും എൻ.ഡി.ടി.വി വ്യക്തമാക്കി.

മാതൃകാപരമായ കോർപ്പറേറ്റ് ഭരണത്തിലാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്നും നിയമപരമായി വെളിപ്പെടുത്തേണ്ടതെല്ലാം അനുസരിക്കുമെന്നും എൻ.ഡി.ടി.വി പ്രസ്താവനയിൽ വ്യക്തമാക്കി. 

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിന്‍റെ പ്രധാന വിമർശകരായാണ് എൻ.ഡി.ടി.വി അറിയപ്പെടുന്നത്. 2015ല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയരക്ട്രേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയെന്നാരോപിച്ച് എന്‍.ഡി.ടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍.ബി.ഐ ചട്ടം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നോട്ടീസ്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് എന്‍.ഡി.ടിവി വിശദീകരണക്കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു. 2017ൽ ചാനൽ ചെയര്‍മാൻ പ്രണോയ് റോയിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

Tags:    
News Summary - NDTV Statement: No Change In Control, No Talks About Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.