ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമെന്ന് എൻ.സി.ബി; ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന്

മുംബൈ: അഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എൻ.സി.ബി റിമാൻഡ് അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

പിക്ചർ ചാറ്റുകളായാണ് ലഹരി വ്യാപാരം സംബന്ധിച്ച വിവരങ്ങളുള്ളത്. വതോതിൽ മയക്കുമരുന്ന് വിതരണത്തിന് സംഭരിച്ചതായും എൻ.സി.ബി പറയുന്നു. റെയ്ഡിനെ തുടർന്ന് വിതരണക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയെന്നും എൻ.സി.ബി വ്യക്തമാക്കി.

ആര്യനും സുഹൃത്ത് അർബാസിനും ലഹരിമരുന്നു വിതരണം ചെയ്ത ശ്രേയസ് നായരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. എല്ലാ പ്രതികളും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണെന്നും റാക്കറ്റ് പോലെ പ്രവർത്തിക്കുകയാണെന്നും എൻ.സി.ബിക്ക് വേണ്ടി മുംബൈ കോടതിയിൽ ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞു. 

മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും ഒക്ടോബർ മൂന്നിന് നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയ്​ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ്​ പിടികൂടിയത്​. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍. 13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികകളും അഞ്ച് ഗ്രാം എം.ഡിയുമാണ് ആഡംബര കപ്പലില്‍ നിന്ന് എന്‍.സി.ബി പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻ.സി.ബി കോടതിയെ അറിയിച്ചിരുന്നു.

ആര്യൻ ഖാന്‍റെ ലെൻസ്​ കെയ്സില്‍ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നാണ് എൻ.സി.ബി കോടതിയില്‍ വ്യക്തമാക്കിയത്.

Tags:    
News Summary - NCB seeks Aryan Khan's custody till Oct 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.