കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും ഡൽഹിയിൽ സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി: ദേശീയപാത 66ൽ സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേന്ദ്ര ദേശീയപാത ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സൗകര്യാർഥം തീയതി തീരുമാനിക്കും.
ഇതോടൊപ്പം, കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പ്രവൃത്തി ഉദ്ഘാടനവും തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പ്രവൃത്തിയും ജനവരിയിൽ നടക്കുമെന്നും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തില്‍ സ്ഥലം ഏറ്റെടുപ്പിന്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിതളളുമെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.
നിലവിൽ 16 റീച്ചുകളിലായി 450 കിലോമീറ്റർ നിർമാണം പൂർത്തിയായി. ജനുവരിയിൽ സംസ്ഥാനത്തെത്തുമ്പോൾ പ്രവൃത്തി പുരോഗതി വിലയിരുത്താനും നിതിൻ ഗഡ്കരി സമയം കണ്ടെത്തും. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ചില കരാരുകാർക്കും വീഴ്ചയുണ്ടായി. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണമിതാണെന്നും മന്ത്രി വ്യക്തമാക്കി.
കരാറുകാരെയും സംസ്ഥാന പൊതുമരാമത്ത് മന്ത്രി, പൊതുമരാമത്ത് സെക്രട്ടറി, ദേശീയ പാത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ഉടൻ ചേരുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. പണി പൂർത്തിയാകാത്ത കരാർ കമ്പനികൾക്ക് യോഗത്തിൽ കർശന മുന്നറിയിപ്പ് നൽകുമെന്ന് ഗഡ്കരി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാത നിർമാണത്തെ തുടർന്ന് മുറിഞ്ഞുപോയ കോഴിക്കോട് പനാത്തുതാഴം– സി.ഡബ്യൂ.ആർ.ഡി.എം പാതയിൽ മേൽപാലം നിർമിക്കാനുള്ള തുക നൽകുന്നത് കേന്ദ്രം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതടക്കം പ്രാദേശിക വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.