ഡോ. വി.എസ് അളഗു വർഷിണി
ഹൈദരാബാദ്: ഗുരുകുല സ്കൂൾ വിദ്യാർഥികളോട് ടോയിലറ്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ട മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. വി.എസ് അളഗു വർഷിണി നടത്തിയ പരാമർശത്തിൽ തെലങ്കാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസയച്ച് ദേശീയ പട്ടികജാതി കമീഷൻ. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് എടുക്കണമെന്ന് ആവിശ്യപെട്ടാണ് നോട്ടീസ് അയച്ചത്.
ഗുരുകുല സ്കൂൾ വിദ്യാർഥികളെക്കുറിച്ച് അളഗു വർഷിണി നടത്തിയ പരാമർശത്തിന്റെ ഓഡിയോ ക്ലിപ്പാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തെലങ്കാന സോഷ്യൽ വെൽഫെയർ റെസിഡൻഷ്യൽ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സെക്രട്ടറിയാണ് അളഗു വർഷിണി. ശുചീകരണ ജോലികളുടെ ഭാഗമായി ഹോസ്റ്റലുകളിലും സ്കൂളുകളിലും വിദ്യാർഥികൾ ടോയ്‌ലറ്റുകളും ക്ലാസ്സ്മുറികളും വൃത്തിയാക്കാൻ മുതിർന്ന അധ്യാപകന്മാർക്ക് ഇതിനോടകം ഐ.എ.എസ് ഉദ്യോഗസ്ഥ നിർദേശം നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ദേശീയ പട്ടികജാതി കമീഷന്റെ നോട്ടീസ്.
ദളിത് വിദ്യാർഥികളോടുള്ള ഐ.എ.എസ് ഉദ്യോഗസ്ഥയുടെ സമീപനത്തിൽ തെലങ്കാനയിലുടനീളം പ്രതിഷേധം ശക്തമാകുകയാണ്. '240 സ്കൂളുകളിൽ അസിസ്റ്റന്റ് കെയർടേക്കർമാരെ നിയമിക്കുന്നത് സർക്കാർ നിർത്തലാക്കിയിട്ടുണ്ട്, അതിനാൽ വിദ്യാർത്ഥികൾ വാർഡൻമാരുടെ റോൾ ഏറ്റെടുക്കാനും അടുക്കളകൾ കൈകാര്യം ചെയ്യാനും നിർബന്ധിതരാകുന്നു. ഇപ്പോൾ സ്കൂളുകളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ ഉദ്യോഗസ്ഥർ കുട്ടികളെ നിർബന്ധിക്കുന്നുണ്ടെന്നും' ബി.ആർ.എസ് എം.എൽ.സി കൽവകുന്ത്ല കവിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ജാതി, വർഗ പക്ഷപാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഗുരുകുലങ്ങൾ സ്ഥാപിക്കുക എന്ന ആശയത്തിന് വിരുദ്ധമാണ് അളഗു വർഷിണിയുടെ പ്രസ്ഥാവനയെന്നും കവിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.