ഇന്ന് ദേശീയ പ്രക്ഷേപണ ദിനം. എല്ലാ വർഷവും ജൂലൈ 23 നാണ് രാജ്യത്തുടനീളം പ്രക്ഷേപണ ദിനം ആചരിക്കുന്നത്. 1927 ജൂൺ 23നാണ് ബോംബെ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (എ.ബി.സി) റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. നമ്മുടെ ജീവിതത്തിൽ റേഡിയോ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ടെലിവിഷൻ നിലവിൽ വരുന്നതിന് മുമ്പ് റേഡിയോ മാത്രമായിരുന്നു പ്രക്ഷേപണ മാധ്യമായി ഉണ്ടായിരുന്നത്.
1927 ജൂലൈ 23 നാണ് ഇന്ത്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നിലവിൽ വരുന്നത്. 1930 ഏപ്രിലിൽ ഓൾ ഇന്ത്യ റേഡിയോ (എ.ഐ.ആർ) നിലവിൽ വന്നു. ജൂൺ 8-ന് ഇത് ആകാശവാണി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1938-ൽ രബീന്ദ്രനാഥ ടാഗോറിന്റെ ഇതേ പേരിലുള്ള കവിതയിൽ നിന്നാണ് ആകാശവാണിക്ക് ഈ പേര് ലഭിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ലഖ്‌നോ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ എ.ഐ.ആറിന് ആറ് റേഡിയോ സ്റ്റേഷനുകൾ ഉണ്ടായിരുന്നു.
എങ്ങനെയാണ് റേഡിയോ സാധാരണക്കാരന്റെ മാധ്യമമായി മാറിയത്‍? 1927 മുതൽ റേഡിയോ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ആകാശവാണിയുടെ 'ബഹുജൻ ഹിതായ, ബഹുജന സുഖായ' എന്ന മുദ്രാവാക്യം അനുസരിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും വിനോദിപ്പിക്കാനും ആകാശവാണി അഹോരാത്രമാണ് പരിശ്രമിക്കുന്നത്. ഇന്ന് ആകാശവാണിയിൽ ഇന്ത്യയിലുടനീളം സ്ഥിതിചെയ്യുന്ന 414 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. 23 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം നടത്തുന്നുണ്ട്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നാണ് ആകാശവാണി. ഇന്ന് സ്വകാര്യ റേഡിയോ മാധ്യമങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് ആകാശവാണി നേരിടുന്നത്. ടെലിവിഷൻ വരുന്നത് വരെ റേഡിയോ ആയിരുന്നു രാജ്യത്തിന്റെ മുഴുവൻ വിനോദത്തിന്റെയും വിവരങ്ങളുടെയും പ്രധാന ഉറവിടം.
സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ റേഡിയോ പ്രക്ഷേപണം വലിയ സ്വാധീനമാണ് ചെലുത്തിയത്. 1971ലെ യുദ്ധത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിൽ ആകാശവാണി നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിലെ ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ജൂലൈ 23ന് ദേശീയ പ്രക്ഷേപണ ദിനമായി ആഘോഷിക്കുന്നത്. ടി.വി ചാനലുകളുടെ കടന്നു വരവിനിടയിലും സാധാരണക്കാരന്റെ മാധ്യമമായി ഇന്നും അറിയപ്പെടുന്നത് റേഡിയോ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.