ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനുപിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയിത്ര. ട്വിറ്ററിലൂടെയാണ് മഹുവ മൊയ്യിത്ര കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്. ബിൽക്കീസ് ബാനു സ്ത്രീയാണോ മുസ്ലീം ആണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു എന്ന് മൊയിത്ര ട്വീറ്റ് ചെയ്തു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്ത്രീ ശക്തിയെക്കുറിച്ച് സംസാരിക്കുന്നവർ രാജ്യത്തിന് നൽകുന്ന സന്ദേശമെന്താണെന്ന് ചോദിച്ച രാഹുൽ ഗാന്ധി നിങ്ങൾ എന്താണ് പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.
ഗുജറാത്ത് സർക്കാരിന്‍റെ തീരുമാനം കോടതിക്ക് മേലുള്ള തന്‍റെ വിശ്വാസത്തെ ഉലച്ചുകളഞ്ഞെന്ന് ബിൽക്കീസ് ബാനു പ്രതികരിച്ചു. ഭയമില്ലാതെയും സമാധനത്തോടെയും ജീവിക്കാനുള്ള തന്‍റെ അവകാശത്തെ തിരികെ നൽകണമെന്ന് ഗുജറാത്ത് സർക്കാറിനോട് ബിൽക്കിസ് ബാനു അഭ്യർഥിച്ചു.
ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനുകേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 മാർച്ച് മൂന്നിന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.