നന്ദേദ് തീർഥാടനം: സിഖുകാർക്കെതിരെയുള്ള വിദ്വേഷ പ്രചാരണം അതിര് കടക്കുന്നു

ചണ്ഡിഗഡ്: പഞ്ചാബിൽ പെട്ടെന്നുണ്ടായ കോവിഡ് കേസുകളുടെ വർധനയിൽ നന്ദേദിലെ സിഖ് തീർഥാടകർക്ക് നേരെ അപവാദ പ്രചാരണം. നേരത്തേ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുസ്​ലിംകൾ അപവാദ പ്രചാരണത്തിന് ഇരയായതിന് സമാനമായ രീതിയിലാണ് ഇപ്പോൾ സിഖുകാരും ആക്രമിക്കപ്പെടുന്നത്. തബ്ലീഗുകാരെ 'കൊറോണ ജിഹാദികൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് സമാനമായ രീതിയിലാണ് സിഖുകാരെയും പല മാധ്യമങ്ങളിലും ചിത്രീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നു. 

ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അകാൽതക്ത് വക്താവിന്‍റെ പ്രതികരണം. തബ്ലീഗി ജമാ അത്തിൽ പങ്കെടുത്തവർക്ക് കോവിഡ് പിടിപ്പെട്ടതിന്‍റെ മറവിൽ മുസ്​ലിം സമുദായത്തിന് നേരെ കടുത്ത വർഗീയവിദ്വേഷ പ്രചരണമാണ് നടന്നത്. ഇതുപോലെ ഹുസൂർ സാഹിബ് ഗുരുദ്വാര കോവിഡ് ​​പ്രഭവകേന്ദ്രമെന്ന രീതിയിൽ പ്രചാരണം നടക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിഖുകാരുടേയും മുസ്​ലീംകളുടേയും നേർക്ക് നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ സിഖ് സമുദായ നേതാവ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു

മഹാരാഷ്ട്രയിലെ നന്ദേദ് തീർഥാടനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 183 പേർക്കാണ് ഇതുവരെ പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിലൊന്നാണിത്. 4000ത്തോളം തീർഥാടകർ നന്ദേദിലെ ഹുസൂർ സാഹിബ് ഗുരുദ്വാരയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. 

എന്നാൽ വിഷയത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. മഹാരാഷ്ട സർക്കാർ നൽകിയ വിവരമനുസരിച്ച് നന്ദേദിൽ ഇതുവരെ മൂന്ന് കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിൽ പിന്നെ നന്ദേദിൽ നിന്ന്​തിരിച്ചെത്തിയ തീർഥാടകർക്ക് കോവിഡ് പിടിപെട്ടതെങ്ങനെ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. മഹാരാഷ്ട്രയിൽ വെച്ച് കൃത്യമായ പരിശോധനക്ക് ഇവർ വിധേയരായിട്ടില്ല എന്നാണ് ആശങ്ക. തീർഥാടകർ തിരികെ വരുന്ന വഴിക്ക് കോവിഡ് പിടിപ്പെട്ടതാണോ എന്ന സംശയവും നിലനിൽക്കുന്നു.

നന്ദേദിൽ നിന്നുള്ള ബസുകൾ ഗുരുതരമായ കോവിഡ് ബാധിതമേഖലയായി കണക്കാക്കപ്പെടുന്ന ഇൻഡോറിൽ നിർത്തിയിട്ടതായി പറയപ്പെടുന്നുണ്ട്. ഇവിടെ നിന്നും കോവിഡ് പകർന്നതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്തായാലും നന്ദേദിൽ നിന്നു തിരിച്ചെത്തിയവരെ സ്ക്രീൻ ചെയ്യുകയും ക്വാറന്‍റീൻ ചെയ്യുകയും ചെയ്യുന്ന യത്​നവുമായി പഞ്ചാബ് സർക്കാർ വലിയൊരളവ് വരെ മുന്നോട്ടുപോയിട്ടുണ്ട്. എങ്കിലും തീർഥാടകർക്കും അതുവഴി സമുദായത്തിനും നേരെയുള്ള അധിക്ഷേപത്തിന് കുറവൊന്നും വന്നിട്ടില്ല. 

Tags:    
News Summary - Nanded Pilgrims Face Vilification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.