യോഗി ആദിത്യനാഥ്
വരുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഹോളി ആഘോഷം കഴിഞ്ഞ് മതിയെന്നും അതിന് മുമ്പ് നമസ്കരിക്കാൻ ആഗ്രഹിക്കുന്നവർ വീട്ടിൽ നിന്ന് ജമുഅ നമസ്കാരം നിർവഹിക്കട്ടെ എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളിയുടെ നിറം ശരീരത്തിൽ ആകരുതെന്ന് ആഗ്രഹിക്കുന്നവർ അടുത്ത വെള്ളിയാഴ്ച പള്ളികളിൽ ജുമുഅക്ക് വരാതെ വീടുകൾക്കുള്ളിൽ കഴിയണമെന്ന സംഭൽ സർക്കിൾ ഓഫീസർ അനൂജ് ചൗധരിയുടെ വിവാദ പ്രസ്താവയെ പിന്തുണച്ചാണ് യോഗി ആദിത്യനാഥ് ഈ നിലപാട് യു.പി സർക്കാറിന്റേതാണ് എന്ന് വ്യക്തമാക്കിയത്.
എല്ലാ വെള്ളിയാഴ്ചയും ജുമുഅ ഉള്ളതാണെന്നും ഹോളി വർഷത്തിൽ ഒരു ദിവസം മാത്രമാണെന്നും യോഗി ആദിത്യനാഥ് ‘ഇന്ത്യാ ടുഡെ’കോൺക്ലേവിൽ പറഞ്ഞു. സംഭലിലെ പൊലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായമാണ് തനിക്കും. ഉച്ചക്ക് രണ്ട് മണി വരെ ഹോളി ആഘോഷമുണ്ടാകും. അതിനാൽ അന്നത്തെ ജുമുഅ രണ്ട് മണിക്ക് ശേഷം മതി. വെള്ളിയാഴ്ച ഒരാൾ പള്ളിയിൽ പോകണമെന്ന് നിർബന്ധവുമില്ല. ഇനിയാരെങ്കിലും പോകുകയാണെങ്കിൽ ഹോളിയുടെ നിറം അയാളുടെ ശരീരത്തിലാകുമെന്നും ‘ഇന്ത്യ ടുഡെ’ കോൺക്ലേവിൽ യോഗി പറഞ്ഞു.
സംഭൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത സമാധാന കമ്മിറ്റി യോഗത്തിന്ശേഷമാണ് അനൂജ് ചൗധരി ഹേളാി ആഘോഷിക്കാൻ ആഗ്രഹിക്കാത്തവർ വെള്ളിയാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടത്. ‘‘ഹോളി വർഷത്തിലൊരിക്കൽ വരുന്നതാണ്. വെള്ളിയാഴ്ച ജുമുഅ 52 ആഴ്ചയുമുള്ളതാണ്. ഹോളിയുടെ നിറം പിടിക്കാത്തവർ വീട്ടിനകത്ത് കഴിഞ്ഞാൽ മതി. വിശാല മനസുള്ളവർ ഒരുമിച്ച് ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യട്ടെ’’- എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.