നൈമിഷ്യ സമ്മാന്‍: നൊബേല്‍ സമ്മാനത്തിന് ഇന്ത്യന്‍ ബദല്‍

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാനത്തിന് ഇന്ത്യന്‍ ബദല്‍ വേണമെന്ന സംഘ്പരിവാര്‍ നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാറിന്‍െറ പച്ചക്കൊടി. നൈമിഷ്യ സമ്മാന്‍ എന്ന് പേരിട്ട പുരസ്കാരത്തിന്‍െറ പ്രഖ്യാപനവും സാമ്പത്തിക ബാധ്യതയും കേന്ദ്രസര്‍ക്കാറിന്‍െറ സാംസ്കാരിക മന്ത്രാലയം മുഖേനയാണെങ്കിലും സംഘ്പരിവാറിനാകും നടത്തിപ്പ് ചുമതല.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ സാംസ്കാരിക മന്ത്രാലയം അടുത്തമാസം നടത്തുന്ന സാംസ്കാരിക മഹോത്സവത്തില്‍ വെച്ചാണ് നൈമിഷ്യ സമ്മാന്‍ പദ്ധതിക്ക് ആരംഭമാവുക.

നിലവില്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നടന്നുവരുന്ന രാഷ്ട്രീയ സാംസ്കാരിക മഹോത്സവം കശ്മീര്‍, ബംഗളൂരു എന്നിവിടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നടന്നുവരുന്ന പരിപാടിയില്‍ രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെയും കരകൗശല വിദഗ്ധരുടെയും നാമമാത്ര പ്രാതിനിധ്യമാണുള്ളത്. എന്നാല്‍, വാരാണസിയില്‍ ആസൂത്രണം ചെയ്യുന്നത് വന്‍ സമ്മേളനമാണ്. രാജ്യത്തിന്‍െറ എല്ലാ ഭാഗത്തുനിന്നുമുള്ള പണ്ഡിതരെയും കലാകാരന്മാരെയും ഇവിടെ ആദരിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നു. സമ്മേളനത്തിന് 220 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇതില്‍ 70 കോടി സമ്മാനത്തുകയായിരിക്കും. സമ്മാന ആശയം മുന്നോട്ടുവെച്ചത് തങ്ങളാണെന്ന് ആര്‍.എസ്.എസ് പരിവാര്‍ സംഘടനയായ സംസ്കാര്‍ ഭാരതി ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ മഹാ പണ്ഡിതരും ചിന്തകരും നൊബേല്‍ സമ്മാനത്തിനായി കാത്തിരിക്കേണ്ട കാര്യമില്ളെന്നും അവര്‍ അര്‍ഹിക്കുന്ന മാന്യതയും ആദരവും രാജ്യത്തുതന്നെ നല്‍കാനാണ് പുതിയ സമ്മാനമെന്നും സംസ്കാര്‍ ഭാരതി ഭാരവാഹി ശൈലേഷ് ശ്രീവാസ്തവ പറഞ്ഞു. നൊബേല്‍ സമ്മാന മാതൃകയില്‍ സമാധാനം, മനുഷ്യാവകാശം, ശാസ്ത്രം, വിദ്യാഭ്യാസം, സാഹിത്യം, ദൃശ്യകല എന്നിങ്ങനെ പല ശാഖകളിലായാണ് പുരസ്കാരം നല്‍കുക.

Tags:    
News Summary - Naimishya Samman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.