രാജ്യവ്യാപക ബോംബ് ഭീഷണി: പ്രതി അറസ്റ്റിൽ; മാനസിക പ്രശ്നമെന്ന് പൊലീസ്

ന്യൂഡൽഹി: കോടതികൾക്കും സ്കൂളുകൾക്കും നിരന്തരം ബോംബ് ഭീഷണി ഇമെയിലുകൾ അയച്ച് രാജ്യത്തെ ആശങ്കയിലാക്കിയ കേസിൽ കർണാടക മൈസൂരു സ്വദേശി അറസ്റ്റിൽ. മൈസൂരു വൃന്ദാവൻ ലേഔട്ടിലെ ശ്രീനിവാസ് ലൂയിസി(47)നെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹി പൊലീസ് സംഘം ശനിയാഴ്ച നടത്തിയ റെയ്ഡിനിടെ വൃന്ദാവൻ ലേഔട്ടിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടിയ പ്രതി നിലവിൽ തൊഴിൽരഹിതനാണെന്ന് പൊലീസ് പറഞ്ഞു. നിയമപഠനത്തിന് ചേർന്നെങ്കെിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ശ്രീനിവാസ് ലൂയിസിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി സംശയിക്കുന്നുണ്ടെന്നും അക്കാദമിക് പശ്ചാത്തലത്തിലുള്ള നിരാശയാണ് കോടതികളെ ലക്ഷ്യം വച്ചതിന് പിന്നിലെ കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. റിട്ട. സ്കൂൾ അധ്യാപികയായ അമ്മയോടൊപ്പമാണ് ശ്രീനിവാസ് താമസിക്കുന്നത്.

“കോടതി നടപടികൾ സ്തംഭിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി സംശയിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹി ഹൈകോടതിയിലേക്കും ജില്ലാ കോടതികളിലേക്കും അദ്ദേഹം നിരവധി ഇമെയിലുകൾ അയച്ചിട്ടുണ്ട്’ -പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

പ്രതി രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് 1,000-ത്തിലധികം ഇമെയിലുകൾ അയച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ഡൽഹി ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിലേക്കും തലസ്ഥാനത്തെ നിരവധി ജില്ലാ കോടതികളിലേക്കും ആയിരുന്നു.

ഡൽഹിയിലെ സ്കൂളുകളിലേക്ക് സമാനമായ ഭീഷണി ഇമെയിലുകൾ അയച്ചതും ഇയാളാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഡൽഹിയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 500ലധികം സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. വ്യാജ ഭീഷണികൾ ഉൾപ്പെട്ട നിരവധി കേസുകൾ തെളിയിക്കാൻ ഈ അറസ്റ്റ് സഹായിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഭീഷണി മെയിലുകൾ അയച്ചത് എൻക്രിപ്റ്റ് ചെയ്ത സെർവറുകൾ വഴി

ഇമെയിൽ ഭീഷണികൾ അയക്കുമ്പോൾ തന്റെ ഐഡന്റിറ്റി മറച്ചുവെക്കാൻ ശ്രീനിവാസ് ലൂയിസ് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിച്ചതായി അന്വേഷകർ സംശയിക്കുന്നു. എൻക്രിപ്റ്റ് ചെയ്ത സെർവറുകൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളെ അവരുടെ സ്ഥലവും ഐഡന്റിറ്റിയും മറച്ചുവെക്കാൻ വി.പി.എൻ സഹായിക്കും. ഇത് അന്വേഷണസംഘത്തിന് ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാക്കും.

കർണാടകയിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. അയച്ച ഇമെയിലുകളുടെ കൃത്യമായ എണ്ണവും പ്രവർത്തനങ്ങളുടെ വ്യാപ്തിയും, നിർദ്ദിഷ്ട സ്ഥാപനങ്ങളെ ലക്ഷ്യം വച്ചതിന് പിന്നിലെ ഉദ്ദേശ്യം ഉൾപ്പെടെ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Mysuru man held for sending bomb threats to courts, schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.