‘ദേശീയ ഗീതത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബി.ജെ.പി
ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്തെ ‘വന്ദേമാതര’ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബി.ജെ.പി. മംഗലാപുരത്തെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി വന്ദേ മാതരത്തെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ആരോപണം. ആലാപന ശേഷം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സേവ ദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് അടക്കമുള്ളവരോട് സംസാരിക്കുന്ന ദൃശ്യങ്ങൾ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
വിവാദത്തിൽ സോണിയക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് വികാസ് പുത്തൂരാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുക്കാൻ തയാറായില്ലെങ്കിൽ കർണാടക ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ നടപടി തികഞ്ഞ ലജ്ജാകരമാണെന്നും, ഈ ‘പാപം’ രാജ്യത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു. സോണിയാ ഗാന്ധിക്കൊപ്പം, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. സേവാദൾ വളന്റിയർ വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ, ഇത് തടയാൻ സോണിയയുടെയും മല്ലികാർജുൻ ഖാർഗെയുടെയും ഭാഗത്തുനിന്ന് ശ്രമം നടന്നതായാണ് ബി.ജെ.പി ആരോപണം.
വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുവന്നു. സോണിയാ ഗാന്ധി കസേര ചോദിക്കുകയാണ് ചെയ്തതെന്നും അല്ലാതെ അസ്വസ്ഥത പ്രകടമാക്കിയതല്ല എന്നുമായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചത്. എന്നാൽ, ഇതെല്ലാം പൂർണമായും തള്ളുകയാണ് ബി.ജെ.പി.
സോണിയക്ക് ബങ്കിം ചാറ്റർജിയുടെ കുടുംബാംഗത്തിന്റെ കത്ത്
ന്യൂഡൽഹി: ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ വന്ദേമാതരം രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റര്ജിയുടെ കുടുംബത്തിൽനിന്ന് സോണിയ ഗാന്ധിക്ക് കത്ത്.
ബംഗാളിലെ ബി.ജെ.പി എം.എൽ.എയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബാംഗം സുമിത്രോ ചാറ്റർജിയാണ് കോൺഗ്രസ് നിലപാട് മറികടന്ന് വന്ദേമാതരം മുഴുവനായി പാടിയതിൽ അസ്വസ്ഥയായ സോണിയ ഗാന്ധി അത് നിർത്താൻ ആവശ്യപ്പെട്ടതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. ദൗർഭാഗ്യകരമായ സംഭവം ബംഗാൾ ജനതക്ക് അപമാനമായെന്നും കത്തിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.