ന്യൂഡൽഹി: ഝാർഖണ്ഡിലെ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥികളും ഉദ്യോഗാർഥികളും നടത്തുന്ന സമരം 23-ാം ദിവസവും തുടരുന്നു. ആവശ്യങ്ങളിൽ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ ആഗസ്റ്റ് 20ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ റാഞ്ചിയിലെ വസതി ഉപരോധിക്കുമെന്ന് സമരക്കാർ അറിയിച്ചു.
ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിലാണ് സമരം. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാൻ ഭരണകക്ഷികളായ ജെ.എം.എം-കോൺഗ്രസ് സഖ്യം തയ്യാറാകുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. സംസ്ഥാനത്തെ 24 ജില്ലകളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കാനും സമരക്കാർ തീരുമാനിച്ചിട്ടുണ്ട്.
ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോംസ് മഞ്ച് നേതാവ് രവീന്ദ്ര പാസ്വാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ രാജിയും സമരക്കാർ ആവശ്യപ്പെടുന്നുണ്ട്.
ജെ.എം.എമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും രവീന്ദ്ര പാസ്വാൻ ആരോപിച്ചു. ഹേമന്ത് സോറൻ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ജെ.എം.എം നേതൃത്വം നൽകുന്ന സഖ്യത്തിനുള്ള പിന്തുണ പിൻവലിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രമക്കേടുകൾ ആരോപിച്ച് ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷയും ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷന്റെ ചില പരീക്ഷകളും റദ്ദാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഝാർഖണ്ഡിന് പുറത്തുനിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുകയോ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയോ വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശനിയാഴ്ച റാഞ്ചിയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും ‘തിരംഗ യാത്ര’ സംഘടിപ്പിച്ചു. നിയമന നടപടികളിൽ പരിഷ്കാരം ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ നിന്ന് ആൽബർട്ട് എക്ക ചൗക്കിലേക്ക് നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. നിരാഹാര സമരം നടത്തുന്ന വീൽചെയറിൽ കഴിയുന്ന രണ്ട് പ്രതിഷേധക്കാരും മാർച്ചിൽ പങ്കെടുത്തു.
അതേസമയം, 15 ദിവസമായി നിരാഹാര സമരം നടത്തുന്ന ജെ.എൽ.കെ.എം നേതാവും വിദ്യാർഥി പ്രവർത്തകനുമായ ദേവേന്ദ്ര മഹതോ സദർ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി മാർച്ചിൽ പങ്കെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതായി ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി മഹതോ ഏറ്റുമുട്ടുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വാതന്ത്ര്യദിന പരിപാടിക്കിടെ പൊലീസ് അതിക്രമം കാട്ടിയെന്നും സമരക്കാർ ആരോപിച്ചു. പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായും ഉദ്യോഗാർഥികളുമായും സംസ്ഥാന സർക്കാർ ചർച്ച നടത്തണമെന്ന് ഇതിനിടെ ഝാർഖണ്ഡ് പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.