ന്യൂഡൽഹി: ഭീകരരുടെ വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയിട്ടും പിന്തിരിയാതെ പോരാടി മൂന്ന് ഭീകരരെ വധിക്കാൻ സൈന്യത്തെ സഹായിച്ച 'ടൈസൺ' എന്ന സേനാ നായയ്ക്ക് രാജ്യത്തിന്റെ ആദരം. ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ കാണിച്ച സമാനതകളില്ലാത്ത ധീരതയ്ക്കാണ് 2 പാര സ്പെഷ്യൽ ഫോഴ്സിന്റെ ഭാഗമായ ടൈസണ് സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ 'മെൻഷൻ ഇൻ ഡിസ്‌പാച്ചസ്' (Mention-in-Despatches) ബഹുമതി ലഭിച്ചത്. സ്വാതന്ത്ര്യദിന തലേന്ന് പ്രഖ്യാപിച്ച 89 സൈനിക ബഹുമതികളുടെ പട്ടികയിലെ ഒരേയൊരു മൃഗയോദ്ധാവും ടൈസണാണ്.
ഈ വർഷം ഫെബ്രുവരി 22-ന് കിഷ്ത്വാർ ജില്ലയിലെ ചാത്രു മേഖലയിൽ നടന്ന 'ഓപ്പറേഷൻ ട്രാഷി-1' ദൗത്യത്തിനിടെയാണ് സംഭവം. ഭീകരർ ഒളിച്ചിരുന്ന കേന്ദ്രത്തിലേക്ക് സൈനികർക്ക് മുന്നേ കുതിച്ചെത്തിയ ടൈസൺ ഒളികേന്ദ്രം കൃത്യമായി കണ്ടെത്തി. ടൈസണെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയും ആദ്യ വെടിയുണ്ട ടൈസന്റെ ശരീരത്തിൽ കൊള്ളുകയുമായിരുന്നു.
എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും പിന്മാറാൻ തയ്യാറാകാതിരുന്ന ടൈസൺ ഭീകരർക്ക് നേരെ വീണ്ടും കുതിച്ചുചാടി. ഇതോടെ ഭീകരർ തുടരെത്തുടരെ വെടിയുതിർക്കാൻ നിർബന്ധിതരാവുകയും ഒളിച്ചിരുന്ന സ്ഥലം പൂർണ്ണമായും സൈന്യത്തിന് വ്യക്തമാവുകയും ചെയ്തു. തുടരെ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ പിന്തുണയുള്ള മൂന്ന് ഭീകരരെ വൈറ്റ് നൈറ്റ് കോർപ്സും പോലീസും സി.ആർ.പി.എഫും ചേർന്ന് വധിച്ചു.
ഗുരുതരമായി പരിക്കേറ്റ ടൈസണെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് വ്യോമമാർഗ്ഗം എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ടൈസൺ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടുണ്ട്. "പരിക്കേറ്റെങ്കിലും ഉന്നത വീര്യത്തോടെ ഡ്യൂട്ടിയിൽ തുടരുന്ന ടൈസൺ യഥാർത്ഥ യോദ്ധാവാണ്" എന്ന് ഇന്ത്യൻ സൈന്യം എക്സിൽ കുറിച്ചു.
റിമൗണ്ട് വെറ്ററിനറി കോർപ്സിലെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ടൈസൺ, ജീവൻ അപകടത്തിലാകുന്ന അതിസാഹസിക ദൗത്യങ്ങൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച എലൈറ്റ് സ്ക്വാഡിന്റെ ഭാഗമാണ്. ബഹുമതിയുടെ ഭാഗമായി ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡൽ റിബണിൽ പ്രത്യേക എംബ്ലം ധരിക്കാനുള്ള അവകാശവും ടൈസണ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.