മുംബൈ: കഴിഞ്ഞ മാസം ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ 27കാരിയെ മുംബൈയിൽ വെച്ച് വീണ്ടും പിടികൂടി പൊലീസ്. യുവതി അനധികൃതമായി വീണ്ടും ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സാധുവായ യാത്രാരേഖകളില്ലാതെ നഗരത്തിൽ കഴിഞ്ഞിരുന്ന നദീറ സുൽത്താന എന്ന യുവതിയെയാണ് ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. അതിർത്തിയിലെ വനപാത വഴി ഇന്ത്യയിലേക്ക് വീണ്ടും കടന്നുകയറുകയായിരുന്നുവെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഓഗസ്റ്റ് 15ന് എൻ.എസ്.പട്കർ റോഡിലെ നടപ്പാതയിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതിയെ കണ്ടതിനെ തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതിനെ തുടർന്ന് ഇവരെ ഗാംദേവി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടക്കത്തിൽ നവി മുംബൈയിലെ കോപ്പർഖൈറാനയിലുള്ള വിലാസമാണ് നൽകിയതെങ്കിലും പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ബംഗ്ലാദേശ് പൗരയാണെന്ന സത്യം ഇവർ വെളിപ്പെടുത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും യുവതിയെ ഒരു തവണ നാടുകടത്തിയതാണെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചത്.
ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിലെ കേകരിയ ഗ്രാമവാസിയായ നദീറ സുൽത്താനയെ ഗോവണ്ഡി പൊലീസിന്റെ നടപടികളെ തുടർന്ന് 2026 ജൂലൈ 22ന് അധികൃതർ നാടുകടത്തിയിരുന്നു. എന്നാൽ ഇതിനുശേഷവും മതിയായ അനുമതിയോ യാത്രാരേഖകളോ ഇല്ലാതെ ഇവർ അതിർത്തി കടന്ന് വീണ്ടും മുംബൈയിലെത്തി. സംഭവത്തിൽ വിദേശി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.