ഹൈദരാബാദ്: സ്വർണവും പണവും കവരുന്നതിന് തനിച്ചുജീവിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച അമ്മയും പ്രായപൂർത്തിയാകാത്ത മകനും പിടിയിൽ. തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽനിന്നാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഓഗസ്റ്റ് എട്ടിന് പാതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുള്ള പൊലീസിന്റെ അന്വോഷണത്തിലാണ് ഒരു അമ്മയും മകനും നടത്തിയ കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. ഭൂപള്ളി സ്വദേശി ചാക്കലി രജിത (38), ഇവരുടെ മകൻ എന്നിവരെയാണ് സിദ്ധിപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബ്ബാക് മണ്ഡലിലെ രാമക്കപേട്ട ഗ്രാമത്തിന് പുറത്തുള്ള കൃഷിയിടത്തിൽവെച്ചാണ് ഓഗസ്റ്റ് 8ന് ഭൂപള്ളി സ്വദേശിനിയായ അതികം വിജയ എന്നുപേരുള്ള സ്ത്രീയുടെ പാതി കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് സിദ്ധിപ്പേട്ട് പൊലീസ് കമീഷണർ രശ്മി പെരുമാളിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപകരിച്ച് അന്വേഷണം ആരംഭിച്ചു. മേഖലയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് സംശയത്തിന്റെ മുന രജിതയിലേക്കും മകനിലേക്കും തിരിച്ചത്.
ഓഗസ്റ്റ് എട്ടിന് വൈകീട്ട് തനിച്ചു താമസിച്ചിരുന്ന വിജയയെ പ്രതികൾ സ്വന്തം പലചരക്ക് കടയിലേക്ക് വിളിച്ചുവരുത്തുന്ന ദൃശ്യങ്ങളും പൊലീസ് ലഭിച്ചിരുന്നു. കടയിലേക്ക് വിളിച്ചുവരുത്തിയതിനുപിന്നാലെ വിജയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും സ്വർണാഭരണങ്ങൾ അപഹരിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് മൃതദേഹം ബൈക്കിൽ കയറ്റി രാമക്കപേട്ടയിലെ വിജനമായ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെയും കവർച്ചയുടെയും വിവരങ്ങൾ പുറത്തുവന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ മേയിൽ ഒരു കൊലപാതകവും 2025 ജൂണിൽ കവർച്ചയും നടത്തിയിരുന്നെന്നും പ്രതികൾ വെളിപ്പെടുത്തി. ഭൂപള്ളിയിലെ തന്നെ ക്വാർട്ടേഴ്‌സിലെ താമസക്കാരിയായ കുന്ത രേഖ എന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം അച്ചമയ്യപ്പള്ളി വനമേഖലയിൽ കൊണ്ട് പോയി കത്തിച്ചത് മേയ് 28നായിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ ഭൂപള്ളി സ്വദേശി അന്നപൂർണയെ ആക്രമിച്ച് സ്വർണത്തിന്റെ മംഗളസൂത്രം കവർന്നിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.
സ്വന്തം ചായക്കടയിലെത്തുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയും കുടുംബ പശ്ചാത്തലവും നിരീക്ഷിച്ചായിരുന്നു പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. തനിച്ചു ജീവിക്കുന്നവരോ, കുടുംബ വഴക്കുകളുള്ളവരോ ആയ സ്ത്രീകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്. അതിലൂടെ കൊലപാതകത്തിന് ശേഷം സംശയം മറ്റുള്ളവരിലേക്ക് തിരിഞ്ഞുപോകുമെന്ന് ഇവർ കണക്കുകൂട്ടി. രജിതയുടെ ഭർത്താവ് ഉൾപ്പെടെ നാലുപേരെക്കൂടി ഇരുവരും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
പ്രതികളിൽ നിന്ന് 5.61 തോല സ്വർണാഭരണങ്ങൾ, 53 തോല വെള്ളിയാഭരണങ്ങൾ, 1.03 ലക്ഷം രൂപ, രണ്ട് മൊബൈൽ ഫോണുകൾ, മൃതദേഹം കടത്താൻ ഉപയോഗിച്ച ബൈക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്ക് ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്നതാണ്. പ്രതിയായ രജിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിലാണ് സിദ്ധിപ്പേട്ട് പൊലീസ് ഈ ക്രൂരമായ പരമ്പര കൊലപാതക കേസിന്റെ ചുരുളഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.