വെറും 16 രൂപയ്ക്ക് ഏത് വസ്ത്രവും! അർധരാത്രി തുണിക്കടയ്ക്ക് മുന്നിലേക്ക് ഇരച്ചുകയറി ജനസാഗരം; ലാത്തിവീശി പൊലീസ്

കാൺപുർ: വെറും 16 രൂപയ്ക്ക് ഏത് വസ്ത്രവും ലഭിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ ഓഫർ കണ്ട് തുണിക്കടയ്ക്ക് മുന്നിൽ അർധരാത്രി തടിച്ചുകൂടിയത് ആയിരങ്ങൾ. തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു. ഉത്തർപ്രദേശിലെ കാൺപുരിൽ ആഗസ്റ്റ് 15ന് രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കടയിലേക്ക് ആളുകൾ ഇരച്ചുകയറാൻ ശ്രമിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അൻവാർഗഞ്ച് മേഖലയിലുള്ള ആലം മാർക്കറ്റിലെ 'ആലം മാർട്ട്' എന്ന തുണിക്കടയിലാണ് സംഭവം. കടയുടമയായ റയീസ് ആലം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സ്പെഷ്യൽ ജന്മദിന ഓഫറാണ് വിനയായത്. ആഗസ്റ്റ് 16 പുലർച്ചെ ആദ്യത്തെ 16 മിനിറ്റിൽ വെറും 16 രൂപ നൽകിയാൽ കടയിൽനിന്ന് ഏത് വസ്ത്രവും വാങ്ങാമെന്നായിരുന്നു വാഗ്ദാനം.


ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ഓഫർ വൈറലായതോടെ ആഗസ്റ്റ് 15 രാത്രി 11 മണിയോടെ തന്നെ വൻജനക്കൂട്ടം കടയ്ക്ക് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. റോഡും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞതോടെ ഗതാഗതമടക്കം സ്തംഭിച്ചു. സമയം കടന്നുപോയതോടെ തുണി വാങ്ങാനെത്തിയവരും കടയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലായതോടെ സമീപത്തെ സ്റ്റേഷനുകളിൽനിന്നടക്കം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു. തുടർന്നാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ യാഥാർഥ്യത്തിന് നിരക്കാത്ത ഓഫർ നൽകി ആളുകളെ കൂട്ടിയതാണ് വൻ സംഘർഷത്തിന് കാരണമായതെന്ന് അൻവാർഗഞ്ച് എ.സി.പി മഞ്ജയ് സിങ് പറഞ്ഞു. സംഭവത്തിൽ കടയുടമകളായ മുഹമ്മദ് ആലം, റയീസ് ആലം, സൽമാൻ ആലം എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ സൽമാനെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Thousands Gather for Rs 16 Clothing Offer in Kanpur, Police Lathi-Charge Crowd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.