അമിത് ഷാ
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടയിൽ ദേശീയഗീതമായ 'വന്ദേമാതരം' പാടിക്കൊണ്ടിരിക്കെ അത് പാതിവഴിയിൽ നിർത്തിവെക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കോൺഗ്രസിന്റെ നടപടി തികഞ്ഞ ലജ്ജാകരമാണെന്നും, ഈ 'പാപം' രാജ്യത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ചിത്തോർഗഢ് നിംബാഹേരയിൽ അദ്ദേഹത്തിന്റെ 21 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കിടയിൽ ദേശീയഗീതം ആലപിച്ചുകൊണ്ടിരിക്കുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസാരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുത്തത്. ദേശീയഗീതത്തോട് കോൺഗ്രസ് നേതൃത്വം അനാദരവ് കാണിച്ചുവെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന ആരോപണം.
കോൺഗ്രസ് ആസ്ഥാനത്തെ പരിപാടിക്കിടെയുള്ള വീഡിയോ പരാമർശിച്ചുകൊണ്ട് അമിത് ഷാ ഇങ്ങനെ പറഞ്ഞു: "അവരുടെ ലജ്ജാകരമായ നടപടി നോക്കൂ. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷനോട് പാട്ട് നിർത്തുവാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു." ദേശീയഗീതത്തോടുള്ള ഈ സമീപനം കോൺഗ്രസിന്റെ രാജ്യത്തോടുള്ള നിലപാടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പ്രധാന്യമുള്ള ഇത്തരം വിഷയങ്ങളിൽ പ്രതിപക്ഷ നിരയിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെയും ദേശീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്റെ പ്രധാന വാദം. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.