ന്യൂഡൽഹി: ചോദ്യം ചോദിക്കാനായി സാർ എന്ന് വിളിച്ച വിദ്യാർഥിനിയോട് തന്നെ പേര് വിളിച്ചാൽ മതിയെന്ന് തിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിക്കുകയായിരുന്നു രാഹുൽ.
സദസ്സിൽ നിന്ന് ചോദ്യം ചോദിക്കാനായി ഒരു വിദ്യാർഥിനി രാഹുൽ ഗാന്ധിയുടെ ശ്രദ്ധ ക്ഷണിച്ചപ്പോഴായിരുന്നു രസകരമായ മുഹൂർത്തം. 'സാർ, ഞാനിവിടെയുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.
''നോക്കൂ, എന്‍റെ പേര് സാർ എന്നല്ല. ഒ.കെ? എന്‍റെ പേര് രാഹുൽ, അതുകൊണ്ട് ദയവായി എന്നെ രാഹുൽ എന്ന് വിളിക്കൂ.. നിങ്ങൾക്ക് നിങ്ങളുടെ പ്രിൻസിപ്പലിനെ സാർ എന്ന് വിളിക്കാം, അധ്യാപകരെ സാർ എന്ന് വിളിക്കാം, എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ'' - രാഹുൽ ഗാന്ധി പറഞ്ഞു.
വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. ഇതിനിടെ ''അവർക്ക് നിങ്ങെള രാഹുൽ അണ്ണാ എന്ന് വിളിച്ചൂടെ' എന്ന് രാഹുലിന്‍റെ പിന്നിൽ നിന്ന് ചോദ്യം വന്നു. ''ശരി, നിങ്ങൾക്ക് എന്നെ രാഹുൽ അണ്ണാ എന്ന് വിളിക്കാം, അതാണ് നല്ലത്''- രാഹുൽ മറുപടി നൽകിയേതാടെ 'രാഹുൽ അണ്ണാ' എന്ന് വിളിച്ചാണ് വിദ്യാർഥിനി ചോദ്യത്തിലേക്ക് കടന്നത്.
മേയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി പുതുച്ചേരിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.