ആഞ്ചൽ മാമിധ്വാറും സാക്ഷാമും
മുംബൈ: ‘‘മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. വിവാഹം നടത്തിത്തരാമെന്ന് എന്റെ സഹോദരന്മാർ ഉറപ്പ് നൽകിയിരുന്നു. പക്ഷേ അവസാന നിമിഷം അവർ ചതിച്ചു. ജാതി കാരണമാണ് ഈ കൊലപാതകം നടന്നത്. അവന് എങ്ങനെ നമ്മുടെ മകളോട് സംസാരിക്കാൻ ധൈര്യം ഉണ്ടായി എന്ന് എന്റെ അച്ഛനും സഹോദരന്മാരും പറയുമായിരുന്നു...’’ -മഹാരാഷ്ട്രയിലെ നന്ദേഡിൽ ജാതിവെറിയന്മാരായ പിതാവും സഹോദരങ്ങളും അതിക്രൂരമായി വെടിവെച്ചും കല്ലുകൊണ്ട് തല തകർത്തും കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ ‘വിവാഹം ചെയ്ത’ യുവതി പറയുന്നു.
ആഞ്ചൽ മാമിധ്വാർ എന്ന 21കാരിയാണ് സാക്ഷാം ടേറ്റ് എന്ന തന്റെ 20കാരൻ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്തത്. നെറ്റിയിൽ സിന്ദൂരമണിഞ്ഞ് മരുമകളായി സാക്ഷാമിന്റെ വീട്ടിൽ താമസിക്കുമെന്ന് പ്രതിജ്ഞയെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സാക്ഷാമിനെ പരിചയപ്പെട്ടതെന്ന് ആഞ്ചൽ പറയുന്നു. പരിചയം പ്രണയമായി വളർന്നു. വ്യത്യസ്ത ജാതിയായതിനാൽ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ബന്ധത്തെ ശക്തമായി എതിർത്തു. ഭീഷണികൾക്കിടയിലും ബന്ധം തുടർന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള നീക്കം അറിഞ്ഞപ്പോൾ സാക്ഷാമിനെ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ക്രൂര കൊലപാതകം. ആഞ്ചലിന്റെ സഹോദരൻ ഹിമേഷ് ആദ്യം വാരിയെല്ലിന് വെടിവെച്ചു. പിന്നീട്, ഇഷ്ടിക കൊണ്ട് തലതകർത്ത് കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ, ആഞ്ചൽ കാമുകന്റെ വീട്ടിലെത്തി. ശരീരത്തിൽ മഞ്ഞളും നെറ്റിയിൽ കുങ്കുമവും പുരട്ടി, മരിച്ചുപോയ കാമുകന്റെ ശരീരത്തെ ‘വിവാഹം കഴിച്ചു’. ഭാര്യയായി ആ വീട്ടിൽ താമസിക്കുമെന്നും അവൾ പ്രഖ്യാപിച്ചു. സാക്ഷാമിന്റെ മരണത്തിലും തങ്ങളുടെ പ്രണയം ജയിച്ചെന്നും അച്ഛനും സഹോദരന്മാരും തോറ്റുപോയെന്നും ആഞ്ചൽ പറഞ്ഞു.
സാക്ഷാമിന്റെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആഞ്ചൽ ആവശ്യപ്പെട്ടു. കാമുകൻ മരിച്ചെങ്കിലും പ്രണയം നിലനിൽക്കുന്നതിനാലാണ് വിവാഹം കഴിച്ചതെന്ന് ആഞ്ചൽ പറഞ്ഞു. കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവും സഹോദരങ്ങളുമടക്കം ആറുപേർ അറസ്റ്റിലാണ്. സാക്ഷാമിനെ ആക്രമിക്കാൻ സഹോദരന്മാരെ പ്രകോപിപ്പിച്ചവരിൽ രണ്ട് പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആഞ്ചൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.