കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തി; മാപ്പ് പറഞ്ഞില്ലെങ്കിൽ കമൽഹാസന്‍റെ സിനിമകളുടെ റിലീസ് നിരോധിക്കണം -കർണാടക മന്ത്രി

ബംഗളൂരു: കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശത്തിന് നടൻ കമൽഹാസൻ മാപ്പ് പറയണമെന്ന് കർണാടക കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കഡഗി. മാപ്പ് പറയാൻ തയാറായില്ലെങ്കിൽ നടന്‍റെ സിനിമകൾ സംസ്ഥാനത്ത് റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് കത്തെഴുതുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമലഹാസന്‍റെ പരാമർശം കന്നഡിഗരുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

'അവർ എത്ര വലിയ ആളായാലും, അത് കമൽഹാസൻ ആണെങ്കിൽ പോലും, ഞങ്ങളുടെ ഭാഷ, ഭൂമി, ജലം എന്നിവക്കെതിരെ സംസാരിക്കുന്നത് ഞങ്ങൾ സഹിക്കില്ല, അദ്ദേഹം ഉടൻ മാപ്പ് പറയണം. കമൽഹാസൻ ഒരു കന്നഡ നടനുമാണ്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം കർണാടകയിലെ ജനങ്ങളോടും കന്നഡിഗരോടും മാപ്പ് പറയണം. അല്ലാത്തപക്ഷം, അദ്ദേഹത്തിന്റെ സിനിമകൾ സംസ്ഥാനത്ത് റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഫിലിം ചേംബറിന് കത്തെഴുതും' -അദ്ദേഹം പറഞ്ഞു.

കമൽഹാസൻ തന്റെ പരാമർശത്തിന് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കമൽഹാസന് 24 മണിക്കൂർ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഇതിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ തഗ് ലൈഫിന്റെ റിലീസ് സംസ്ഥാനത്ത് നിരോധിക്കണമെന്ന സംഘടനയുടെ ആവശ്യത്തെ പിന്തുണക്കുമെന്നും ഫിലിം അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

മണിരത്നം ചിത്രം 'തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ചിൽ 'തമിഴിൽ നിന്നാണ് കന്നഡ പിറന്നത്' എന്ന കമലഹാസന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്. കന്നഡ നടൻ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും, കന്നഡയും തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും കമൽ ഹാസൻ പറഞ്ഞു. ഇതിനെതിരെ കർണാടകയിൽ വ്യാപക വിമർശനമാണ് ഉയർന്നത്. നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും കന്നഡ ഭാഷയെയും കന്നഡ ജനതയെയും അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്നും കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു.

Tags:    
News Summary - Must apologise or face ban: Karnataka Minister on Kamal Haasan's Kannada remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.