തറാവീഹ് കഴിഞ്ഞ് മടങ്ങിയവരെ ആക്രമിച്ച് തീവ്രഹിന്ദുത്വവാദികൾ; കുട്ടികളെയടക്കം കത്തിമുനയിൽ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ വത്‌വ ഏരിയയിൽ റമദാനിലെ തറാവീഹ് നമസ്കാരം കഴിഞ്ഞ് മടങ്ങിയവർക്കുനേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

തറാവീഹ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് ഹിന്ദുത്വവാദികൾ കല്ലേറ് നടത്തുകയായിരുന്നു. അടുത്തനിമിഷം ഏതാനും കെട്ടിടത്തിൽനിന്നിറങ്ങി വന്ന് കുട്ടികളടക്കമുള്ളവരെ തടഞ്ഞുവെച്ച് കത്തിമുനയിൽ നിർത്തി ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും ദൃസാക്ഷി പറഞ്ഞു. ശേഷം മുസ്‌ലിംകളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കല്ലേറിൽ 17കാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.

അതേസമയം, സംഭവത്തിൽ പൊലീസ് അക്രമികളെ പിടികൂടാൻ താൽപര്യം കാണിക്കുന്നില്ലെന്ന് അക്രമത്തിനിരയായവർ പറയുന്നു. അക്രമികളെന്ന് സംശയിക്കുന്നവരുടെ പേര് പരാതിയിൽ ഉൾപ്പെടുത്താൻ പൊലീസ് തയാറാകുന്നില്ലെന്ന് ഇവർ നിരാശയോടെ വിവരിക്കുന്നു. മാത്രമല്ല, കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മൊഴി മാറ്റിപ്പറയണമെന്ന് ആക്രമണത്തിനിരയായവരിൽ ചിലരോട് പൊലീസ് ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.

റമദാൻ കഴിയുന്നതുവരെയെങ്കിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്ന് പ്രദേശത്തെ മുസ്‌ലിംകൾ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം റമദാൻ മാസത്തിലും അഹമ്മദാബാദിൽ സമാനമായ നിരവധി അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. 2024 മാർച്ച് 30ന് തറാവീഹ് കഴിഞ്ഞ് വരികയായിരുന്ന 12കാരനെ തീവ്രഹിന്ദുത്വവാദികൾ മർദിച്ച് അവശനാക്കിയിരുന്നു. തറാവീഹ് നമസ്കാരം നടത്തുകയായിരുന്ന വിദ്യാർഥികളെ ഗുജറാത്ത് സർവകലാശാല കാമ്പസിൽ കയറി മർദിച്ചതും വാർത്തയായിരുന്നു.

Tags:    
News Summary - Muslims attacked and forced to chant Jai Shri Ram after Taraweeh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.