പശുക്കടത്ത് ആരോപിച്ച് കന്നുകാലികളുമായി വന്ന പിക്കപ്പ് വാൻ തടഞ്ഞ് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഭുവനേശ്വർ: ഒഡീഷയിലെ ബലാസോർ ജില്ലയിലെ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു. 35കാരനായ മകന്ദർ മഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായായിരുന്നു ക്രൂര സംഭവം.

കന്നുകാലികളുമായി വരികയായിരുന്ന പിക്കപ്പ് വാൻ ഒരു സംഘം തടഞ്ഞുനിർത്തുകയും മകന്ദറിനും ഡ്രൈവർക്കുമെതിരെ ആക്രമണം നടത്തുകയുമായിരുന്നു. മർദനമേറ്റ യുവാവിനെ പിന്നീട് ബലാസോർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സംഭവസ്ഥലത്ത് എത്തിയ പൊലീസ്, പിക്കപ്പ് വാൻ അമിതവേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുക്കുകയാണ് ചെയ്തത്. വാൻ അമിതവേഗതയിൽ ഓടിച്ച് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊലീസ് എത്തിയപ്പോഴേക്കും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും സ്ഥലത്ത് പശു ഉണ്ടായിരുന്നെന്നും എഫ്.ഐ.ആറിലുണ്ട്.

വാഹനം സ്റ്റേഷനിലേക്ക് എത്തിച്ച പൊലീസ്, പശുവിനെ മാ ഭാരതി ഗോശാലയിൽ ഏൽപ്പിച്ചു. അപകടത്തെക്കുറിച്ച് പരാതി നൽകിയ വ്യക്തി വാഹനത്തിന്‍റെ ഉടമക്കും ഡ്രൈവറിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതായി പൊലീസ് പറ‍യുന്നു.

പിന്നീട് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍റെ പരാതിയിലും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മകന്ദറിന്‍റെ വാഹനം അഞ്ച് പേരടങ്ങിയ സംഘം തടഞ്ഞു നിർത്തിയെന്നും, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതി നൽകിയിട്ടുണ്ട്. പൊലീസ് എത്തിയാണ് മകന്ദറിനെ ആശുപത്രിയിൽ എത്തിച്ചതെന്ന്

സഹോദരൻ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 103 (2) വകുപ്പിന് കീഴിൽ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

യുവാവിനെ ആൾകൂട്ടം മർദിക്കുന്ന ദൃശ്യവും ഇതിനിടെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുന്നതുമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് പ്രസ്തുത സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്നത് സംബന്ധിച്ച് വിവരമില്ല.

Tags:    
News Summary - Muslim youth beaten to death after stopping pickup van carrying cattle on suspicion of cow smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.