ഹിന്ദുത്വ തീവ്രവാദികൾ 'വിൽപനക്കു വെച്ച' മുസ്‍ലിം പെണ്ണുങ്ങൾ!

ഹന ഖാൻ ഒരു പ്രമുഖ വിമാന കമ്പനിയിലെ കൊമേഴ്സ്യൽ പൈലറ്റാണ്. 'സുള്ളി ഡീൽസ്' എന്ന ആപ്ലിക്കേഷനിൽ ഹിന്ദുത്വ തീവ്രവാദികൾ തന്നെ വിൽപനക്ക് വെച്ചിട്ടുണ്ടെന്ന് ഹന ഖാൻ അറിയുന്നത് സുഹൃത്ത് വഴിയാണ്. ആപ്പിൽ കയറി നോക്കിയപ്പോൾ താൻ മാത്രമല്ല, തന്റെ സുഹൃത്തുക്കയെും അതിൽ 'ഇന്നത്തെ വിൽപനച്ചരക്കുകൾ' എന്ന ലേബലിൽ വിൽക്കുവാൻ വെച്ചിരിക്കുന്നു. ആപ്പിന്റെ ലാൻഡിംഗ് പേജിൽ ഒരു അജ്ഞാത സ്ത്രീയുടെ ഫോട്ടോ ആണ് നൽകിയിരിക്കുന്നത്.


ഹന ഖാൻ

അടുത്ത രണ്ട് പേജുകളിൽ ഹന ഖാൻ അവളുടെ സുഹൃത്തുക്കളുടെ ഫോട്ടോകൾ കണ്ടു. അതിനു ശേഷമുള്ള പേജിൽ സ്വന്തം ചിത്രവും. 'ഞാൻ 83 പേരുകൾവരെ എണ്ണി. ഇനിയുമുണ്ടാകാം. അവർ ട്വിറ്ററിൽ നിന്ന് എന്റെ ഫോട്ടോ എടുത്തു. ഈ ആപ്പ് 20 ദിവസമായി പ്രവർത്തിക്കുന്നു. ഞങ്ങൾ അതിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. ഇത് എന്റെ നട്ടെല്ലിന് വിറയുണ്ടാക്കി. ഞാൻ ഒരു മുസ്‍ലിം സ്ത്രീ ആണ്. ഞങ്ങളെ നിശബ്ദരാക്കാൻ അവർ ശ്രമിക്കുന്നു' -ഹന ഖാൻ ബി.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സുള്ളി ഡീൽസ്', 'ബുള്ളി ബായ്' എന്നീ ആപ്പുകൾ വഴിയാണ് വിവിധ മേഖലകളിലെ മുസ്‍ലിം സ്ത്രീകളെ ഹിന്ദു തീവ്രവാദികൾ ലേലത്തിന് വെച്ചിരിക്കുന്നത്. മുസ്‍ലിം ആക്ടിവിസ്റ്റുകൾ, ​മാധ്യമപ്രവർത്തകർ, സംരംഭകർ, ഡോക്ടർമാർ, വിദ്യാർഥിനികൾ, ഗവേഷകർ എന്നിവരെയാണ് ഈ തീവ്രവാദികൾ നോട്ടമിട്ടിരിക്കുന്നത്. വലതുപക്ഷ ഹിന്ദു തീവ്രവാദികൾ മുസ്‍ലിം സ്ത്രീകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും അപകീർത്തികരമായ പദമാണ് 'സുള്ളി'. 'ഗിറ്റ് ഹബ്'എന്ന വെബ് പ്ലാറ്റ്ഫോം വഴിയാണ് ഈ ആപ്പുകളുടെ പ്രവർത്തനം. കഴിഞ്ഞ ബലി പെരുന്നാളിന് ആണ് ഇവർ ഇതിന്റെ ഏറ്റവും മോശം വശം പുറത്തെടുത്തത്. പെരുന്നാൾ സ്‍പെഷ്യൽ ലേലം സംഘടിപ്പിച്ചാണ് ഹിന്ദുത്വ ശക്തികൾ തങ്ങളുടെ വംശവെറി പുറത്തെടുത്തത്. 'ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നുമുള്ള മുസ്‍ലിം പെണ്ണുങ്ങളെ പെരുന്നാൾ വിലക്കിഴിൽ ലേലത്തിന്' എന്നായിരുന്നു തീവ്രവാദികളുടെ 'ഓഫർ'. സുള്ളി ഡീൽസിന് പിന്നാലെ പുറത്തുവന്ന ബുള്ളി ബായ് ആപ്പും മുസ്‍ലിം വിദ്വേഷം കുത്തിനിറച്ചതായിരുന്നു.



കഴിഞ്ഞ ഡിസംബര്‍ അവസാന ആഴ്ചയിലാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഫീഡുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാളുകളിലും മുസ്‍ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ 'നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്' എന്ന കാപ്ഷനോടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ബുള്ളി ബായ്, ബുള്ളി ഡീൽസ്, സുള്ളി ഡീൽസ് എന്നീ ഹാഷ്ടാഗുകളും ഉപയോഗിക്കപ്പെട്ടിരുന്നു. സി.എ.എ സമരത്തിൽ അടക്കം ​പ​ങ്കെടുത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ വരെ ഹിന്ദുത്വർ ഇതിനായി വിനിയോഗിച്ചു.

കോളജിൽനിന്നും കാണാതായ നജീബിന്റെ മാതാവിന്റെ ചിത്രവും സുള്ളി ഡീൽസിൽ പ്രത്യക്ഷപ്പെട്ടു. മലയാളികളായ ഒട്ടേറെ പെൺകുട്ടികളെയും ഇവർ 'ഓൺലൈൻ ലേലത്തിന്' നിരത്തി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കേരളത്തിലടക്കം അപമാനിതരായ പെൺകുട്ടികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എന്നു മാത്രമല്ല, ഇടതുപക്ഷ സർക്കാറിൽ മുഖ്യമന്ത്രി നേരിട്ട് നയിക്കുന്ന പൊലീസ് ഈ വിഷയം സമൂഹ മാധ്യമങ്ങൾ വഴി ഉന്നയിച്ചതിന് നിരവധി പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ ആണ് ഒടുക്കം ഇതിനെതിരെ നടപടി കൈക്കൊണ്ടത്.

ബുള്ളി ബായ് ആപ്പ് കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ നാല് ആറസ്റ്റുകള്‍ നടന്നു. അവസാനമായി 21കാരനായ നീരജ് ബിഷ്ണോയിയാണ് അസമിൽ നിന്ന് ഡൽഹി പൊലീസ് വ്യാഴാഴ്ച പിടികൂടിയത്. ഇയാളാണ് ആപ്ലിക്കേഷൻ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി ടെക് വിദ്യാർത്ഥിയാണ് നീരജ് ബിഷ്ണോയ്.

പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പൊലീസ് പറയുന്നു. സാ​ങ്കേതിക മികവുള്ള പുതുതലമുറ ഇത്തരം വർഗീയ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നത് ലോക മാധ്യമങ്ങൾ ഞെട്ടലോടെയാണ് റിപ്പോർട്ട് ചെയ്തത്.

സാനിയ അഹമ്മദ് മാധ്യമ പ്രവർത്തകയാണ്. ആദ്യമായല്ല സാനിയ തന്റെ ചിത്രം വിൽപ്പനക്കെന്ന പേരിൽ കാണുന്നത്. അഞ്ച് മാസങ്ങൾക്ക് മുൻപ് ജൂലൈയിൽ സമാന രീതിയിലെത്തിയ സുള്ളി ഡീൽസിലും സാനിയ ഇരയായിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാനിയക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങിയിട്ട് നാളേറെയായി. രണ്ട് വർഷങ്ങളായി താൻ സമൂഹ മാധ്യമങ്ങളിൽ നിരന്തരമായ ലൈംഗിക അതിക്രമ ഭീഷണികൾ നേരിടുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ സാനിയ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അശ്ലീല സന്ദേശങ്ങൾ ലഭിക്കാറുള്ളതായും അവർ പറയുന്നു. നേരിട്ടും അല്ലാതെയും പലയാവർത്തി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പരാതി നൽകാൻ ഡൽഹി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഉദ്ദ്യോഗസ്ഥർ അപമാനിച്ചുവെന്നും, സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചതാണ് ചോദ്യം ചെയ്തതെന്നും സാനിയ പറയുന്നു!.

മുസ്‍ലിം സ്ത്രീകളെ വിൽപ്പനച്ചരക്കാക്കുന്ന ആദ്യ വേദിയല്ല സുള്ളി ഡീൽസ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയെത്തിയ നിരവധി ശ്രമങ്ങളിൽ ഒന്ന് മാത്രമാണിത്. ഹിന്ദുത്വ വിദ്വേഷ പ്രചാരക സംഘങ്ങളാണ് ആപ്പുകൾക്ക് പിന്നിൽ. ധീരരായ സ്ത്രീകളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇത്തരം വിദ്വേഷ ആപ്പുകൾ കൊണ്ടുദ്ദേശിക്കുന്നത് എന്ന് സ്ത്രീകൾ പറയുന്നു. ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും കുറ്റബോധമില്ലെന്നും പറഞ്ഞ ബുള്ളി ബായുടെ നിർമാതാവ് നീരജ് ബിഷ്ണോയെപ്പോലുള്ളവർ നിലനിൽക്കേ ബുള്ളി ബായ് നാളെ മറ്റൊരു പേരിൽ ഇനിയും പ്രത്യക്ഷപ്പെട്ടേക്കാം.

2021 ഏപ്രിൽ-മെയ് കാലയളവിൽ 'ലിബറൽ ഡോഗ്' എന്ന യൂ ട്യൂബ് ചാനലിൽ പാക്കിസ്താൻ സ്ത്രീകളെ ലേലത്തിന് വച്ച സംഭവത്തിലൂടെയാണ് 'ലേല പരമ്പര'യുടെ തുടക്കം. സംഭവത്തിനെതിരേ ഇന്ത്യയിലെ സ്ത്രീകളും രംഗത്തെത്തിയതോടെയാണ് ഇന്ത്യൻ വംശജരായ സ്ത്രീകളെ കേന്ദ്രീകരിച്ച് 2021ൽ സുള്ളി ഡീൽസ് എന്ന പേരിൽ മറ്റൊരു ആപ്പ് എത്തുന്നത്. കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ വിൽക്കുന്ന ഇ-കൊമോഴ്സ് വെബ്സൈറ്റുകളുടെ ഭാഷയിലെഴുതിയ 'സുള്ളി ഡീൽ ഓഫ് ദ് ഡേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. സുള്ളി ഡീൽസ് നിർമ്മിക്കാൻ ഉപയോഗിച്ച ഗിറ്റ്ഹിബിന് നിരോധനം ഏർപ്പെടുത്തിയതോടെ ക്ലബ് ഹൗസ് റൂമുകളിലും സ്ത്രീകൾ വിൽക്കപ്പെടാൻ തുടങ്ങി. പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് ബുള്ളി ബായ്. സുള്ളി ഡീൽസിന് ശേഷം വീണ്ടും ഇതേ സംഘം ട്വിറ്ററിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങിയതായും സാനിയ അഹമ്മദ് പറയുന്നു.


അറസ്റ്റിലായ പ്രതി

'മാസങ്ങൾക്ക് മുൻപ് സുള്ളി ഡീൽസ് എന്ന ആപ്പ് നിലവിൽ വന്നപ്പോഴും സമാനമായ രീതിയിൽ പൊലീസ് എഫ്.ഐ.ആർ എടുത്തിരുന്നു. അധികാരികളിൽ നിന്നും പൊലീസിൽ നിന്നും ഉറപ്പ് ലഭിച്ചു. വിഷയം പാർലമെൻറിൽ ചർച്ച ചെയ്യപ്പെട്ടു. ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. എല്ലാം ഇതിന് മുമ്പും സംഭവിച്ചതാണ്' - ബുള്ളി ബായിയുടെ മറ്റൊരു ഇര ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക ഇസ്മത് അറ പറയുന്നു. ബുള്ളി ബായ് എന്ന ആപ്പിന്റെ സ്ക്രീൻഷോട്ട് കണ്ട് ആപ്പ് എന്താണെന്ന് പരിശോധിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും, പിന്നീടാണ് അതിൽ തന്റെ ഫോട്ടോകൾ ഉൾപ്പെട്ടതായി അറിഞ്ഞതെന്നും ഡൽഹിയിലെ മാധ്യമ പ്രവർത്തകയായ ഖുശ്ബൂ ഖാൻ പറയുന്നു. മുമ്പ് നടന്ന സമാന ആക്രമണങ്ങളിലും പൊലീസ് എഫ്.ഐ.ആറുകൾ സമർപ്പിച്ചിരുന്നു. എന്നിട്ടും പ്രതികൾക്കെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല. പൊലീസിന്റെ നിഷ്ക്രിയത്വം ഒരു തരത്തിൽ കേസുകൾ നടത്തുന്നതിൽ നിന്ന് ഇരയെ പിന്തിരിപ്പിക്കുന്ന പ്രവണത പോലുമുണ്ടാക്കിയതായി ഖുശ്ബു പറയുന്നു. ആക്രമണത്തിന് പിന്നിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി തെളിവുകളടക്കം പലരുടെയും വിവരങ്ങൾ കൈമാറിയിട്ട് പോലും പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും ഖുശ്ബു ഖാൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Muslim women 'for sale' by Hindutva extremists!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.