മർദനമേറ്റ വസീം അഹമ്മദ്
ബംഗളൂരു: ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് മുസ്‌ലിം യുവാവിന് നേരെ ആക്രമണം. വസീം അഹമ്മദ് എന്ന 35കാരനെയാണ് ഗുരുതര പരിക്കുകളോടെ ബംഗളൂരു യെലഹങ്ക ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മർദനത്തിൽ വസീമിന് ആന്തരിക ക്ഷതവും വലതുചെവിയുടെ കേൾവിയും നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. ജൂൺ 22ന് വൈകുന്നേരം സാമ്പിഗെഹള്ളിക്ക് സമീപമുള്ള ഹെഗ്‌ഡെ നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം.
സംഭവത്തെ കുറിച്ച് വസീം വിശദീകരിക്കുന്നത് ഇങ്ങനെ, 'ഞായറാഴ്ച സുഹൃത്തും മെക്കാനിക്കുമായ സമീറിനൊപ്പം ഓട്ടോറിക്ഷയിൽ പോകവെ വിശ്രമിക്കാനായി ഒരു ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി. സമീപത്ത് മദ്യപിച്ചുകൊണ്ടിരുന്ന എട്ടോളം പേർ ഞങ്ങളുടെ അടുത്ത് വന്ന് പേര് ചോദിച്ചു. തുടർന്ന് ജയ്ശ്രീറാം വിളക്കാൻ ആവശ്യപ്പെട്ടു. അത് നിരസിച്ചതോടെ ആക്രമണം തുടങ്ങി. അതോടെ സമീർ ഓടിരക്ഷപ്പെട്ടു. എന്നെ അവർ വളഞ്ഞിട്ട് തല്ലി'-വസീം പറയുന്നു.
അതേസമയം, സംഭവത്തിൽ പൊലീസിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അഹമ്മദിന്റെ പരാതിയിൽ മുദ്രാവാക്യവുമായി ബന്ധപ്പെട്ട ഒരു പ്രകോപനവും പരാമർശിക്കുന്നില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സജീത്ത് വി.ജെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ആക്രമണത്തിന്റെ വർഗീയ സ്വഭാവം രേഖപ്പെടുത്താതെ കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നവെന്നാണ് ആരോപണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.