രഘുനാഥഘർ: പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വീട് ചവിട്ട്പൊളിച്ച് ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവുട്ടിയരച്ച് കൊന്നു. ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മുഖത്താണ് പൊലീസ് ബൂട്ടിട്ട് ചവിട്ടിയരച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ക്രൂരതയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജസ്ഥാനിലെ രഘുനാഥഘർ എന്ന ഗ്രാമം. ഒറ്റമുറി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ കുഞ്ഞാണ് ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞത്.
ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. വീട് പൊളിച്ച് പൊലീസ് സംഘം അതിക്രമിച്ച് കയറിയതെന്ന് ഇമ്രാൻ ഖാനും റാസിദയും നിറകണ്ണുകളോടെ പറയുകയാണ്. ശബ്‌ദംകേട്ട് വാതിൽ തുറന്ന റാസിദ കണ്ടത് 10 അംഗ പൊലീസ് സംഘത്തെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് വനിതാ പൊലീസ് പോലുമില്ലാത്ത സംഘം അസഭ്യം പറഞ്ഞ് റാസിദയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കട്ടിലിൽ പുതച്ചു കിടത്തിയിരുന്ന ഒരു മാസം പ്രായമുള്ള അലിസ്ബയുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടിക്കയറി പൊലീസുകാർ ഇമ്രാനെ കടന്നുപിടിച്ചു. കുഞ്ഞിനെ ചവിട്ടിയരച്ച് ഇമ്രാനെ പുറത്തേക്ക് വലിച്ചിഴച്ചു. ചവിട്ടിയരച്ചത് കുഞ്ഞിനെയാണെന്ന് മനസ്സിലായതും പൊലീസ് സംഘം ഇറങ്ങിയോടി. അപ്പോഴേക്കും ആ കുഞ്ഞുശരീരത്തില്‍ നിന്ന് ജീവന്‍ നഷ്ടമായിരുന്നു.
സൈബർ കുറ്റകൃത്യത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ് നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇമ്രാനെതിരെ ഇതുവരെ ഏതെങ്കിലും പരാതിയോ കേസോ ഇല്ല. കൂലിപ്പണിക്ക് പോകുന്ന തനിക്ക് ഇതിനെക്കുറിച്ചൊക്കെ എന്തറിയാമെന്നാണ് ഇമ്രാന്‍ ചോദിക്കുന്നത്. നിരപരാധിത്വം തുറന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. പൊലീസ് വെള്ളക്കടലാസിൽ നിർബന്ധിച്ച് ഒപ്പിട്ടുവാങ്ങിയെന്നും അലിസ്ബയടക്കം മൂന്നുകുട്ടികളുടെ പിതാവായ ഇമ്രാൻ പറയുന്നു.
മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിൽ പൊലീസ് അതിക്രമം പതിവാണെന്ന് ഗ്രാമവാസികൾ പറയുന്നു. വൻ ജനകീയ പ്രക്ഷോഭം ഉയർന്നതോടെയാണ് ഗിർധാരി, ജഗ്‌വീർ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അധികൃതർ തയ്യാറായത്. സംഘത്തിൽപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താനോ കേസെടുക്കാനോ പൊലീസ് തയ്യാറായിട്ടില്ല. കുഞ്ഞ് എതോ അപകടത്തിൽ മരിച്ചതാണെന്നും കൃത്യത്തിൽ പങ്കില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
ഇതിനിടെ, ബി.ജെ.പി ഭരണത്തിൽ രാജ്യത്തെ ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും കുഞ്ഞുങ്ങൾ അധികാരത്തിന്റെയും വെറുപ്പിന്റെയും ബൂട്ടിനടിയിൽ പിടഞ്ഞുമരിക്കുന്ന സ്ഥിതിയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഒരു സാധാരണ തൊഴിലാളിയുടെ വീട്ടിൽ കയറി അയാളുടെ കൈക്കുഞ്ഞിനെ ചവിട്ടിയരയ്‌ക്കുന്ന പ്രവൃത്തി പൊലീസുകാരുടേതല്ല, ഭീകരവാദികളുടേതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ബി.ജെ.പി സർക്കാരിന്റെ സമീപനമാണ് പൊലീസ് ക്രൂരതയിലൂടെ പ്രകടമാകുന്നതെന്ന് ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.