'ഇന്ത്യയുടെ യഥാർഥ ബോസ്' അംബാനിയാണോ എന്ന് ഇലോൺ മസ്‌ക്; 'മറ്റേയാളെക്കൂടി കാണാനിരിക്കുന്നതേയുള്ളൂ'വെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കാലതാമസവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, രാജ്യത്തെ 'യഥാർഥ ബോസ്' റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണോ എന്ന് ചോദിച്ച് ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌ക്. കേന്ദ്ര സർക്കാറിന്റെ നിലപാടുകൾക്കെതിരെ വിമർശനമുയർത്തിയ മസ്‌കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയതോടെ സമൂഹമാധ്യമമായ എക്സിൽ ചർച്ചകൾ കൊഴുക്കുകയാണ്.
"165-ലധികം രാജ്യങ്ങളിൽ ലൈസൻസുള്ള സ്റ്റാർലിങ്ക്, കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ സർക്കാറിന്റെ ഓരോ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടും എന്തുകൊണ്ടാണ് ഇതുവരെ ലൈസൻസ് ലഭിക്കാത്തത്?" എക്സിലെ പോസ്റ്റിൽ മസ്‌ക് ചോദിച്ചു. ഇതിന് പിന്നാലെയാണ് "അംബാനിയാണോ ഇന്ത്യയിലെ യഥാർഥ ബോസ്?" എന്ന് അദ്ദേഹം തുറന്നടിച്ചത്.
മസ്കിന്റെ പോസ്റ്റിന് താഴെ മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ പ്രതികരിച്ചു. "ഇന്ത്യയിലേക്ക് സ്വാഗതം ഇലോൺ. അടുത്തയാളെക്കൂടി താങ്കൾ കാണാനിരിക്കുന്നതേയുള്ളൂ" എന്നായിരുന്നു ഗൗതം അദാനിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള രാഹുലിന്റെ മറുപടി.
സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ആഭ്യന്തര ബിസിനസ് താൽപര്യങ്ങൾ തടസ്സം നിൽക്കുന്നുവെന്ന മസ്കിന്റെ ആരോപണം കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സാറ്റലൈറ്റ് ആശയവിനിമയ സേവനങ്ങൾക്കുള്ള ഇന്ത്യയുടെ അംഗീകാര പ്രക്രിയ നിഷ്പക്ഷവും വിവേചനരഹിതവുമാണെന്നും, ഇത് പക്ഷപാതപരമായാണ് നടപ്പിലാക്കുന്നതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കി.
മസ്‌കിന്റെ സ്റ്റാർലിങ്ക്, റിലയൻസ് ജിയോയുടെ ജിയോ സാറ്റ്‌കോം, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂട്ടൽസാറ്റ് വൺവെബ് എന്നീ മൂന്ന് കമ്പനികൾക്കാണ് സർക്കാർ ലൈസൻസ് നൽകിയിട്ടുള്ളത്. എന്നാൽ ആവശ്യമായ സുരക്ഷാ പരിശോധനകളും സ്പെക്ട്രം സംബന്ധിച്ച അനുമതികളും പൂർത്തിയാകാതെ ഇവർക്കാർക്കും വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ല. മൂന്ന് കമ്പനികളുടെയും സുരക്ഷാ വിലയിരുത്തലുകൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടെലികോം മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ കുത്തക നിലനിർത്തുന്നതിനായി 'ചില മുതലാളിമാർ' തന്റെ കമ്പനിയുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ തടയുകയാണെന്ന് മസ്‌ക് ബുധനാഴ്ച ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ചയും അദ്ദേഹം തന്റെ വാദങ്ങൾ ആവർത്തിച്ചു. ഇന്റർനെറ്റ് സൗകര്യമോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾക്ക് സ്റ്റാർലിങ്ക് വലിയ സഹായമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"അമേരിക്കയിലടക്കം ഒരു രാജ്യത്തും പൂർണ്ണമായ നെറ്റ് വർക്ക് കവറേജ് ഇല്ല. എന്നാൽ കവറേജ് ഇല്ലാത്ത ഇടങ്ങളിൽ, ഏറ്റവും ആവശ്യമുള്ളവർക്ക് സേവനം എത്തിക്കാൻ സ്റ്റാർലിങ്കിന് കഴിയും," പ്രദേശത്തെ ടെലികോം സേവനങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ ചില പരാതികൾ എക്സിൽ പങ്കുവെച്ചുകൊണ്ട് മസ്‌ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.