ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പരമോന്നത ധീരതാ പുരസ്കാരം
തെൽ അവീവ്: ദുബൈയിൽ നിന്ന് തെൽ അവീവിലേക്കുള്ള ഫ്ലൈദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ സിവിലിയൻ ധീരതാ പുരസ്കാരം. സാധാരണ പൗരന്മാർക്ക് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ധീരതാ ബഹുമതിയാണിത്.
പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുത്തശേഷം പുരസ്കാരം സമ്മാനിക്കുമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു.“ഇന്ന് ആദരിക്കുന്ന ഇസ്രായേലി ധീരന്മാർക്കൊപ്പം ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി ഞങ്ങൾ ആശംസിക്കുന്നു. അദ്ദേഹത്തിന്റെ അസാധാരണ ധീരതയും പ്രൊഫഷണൽ മികവും വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞാൽ, ഇസ്രായേൽ ജനതക്ക് വേണ്ടി ഈ പുരസ്കാരം സമ്മാനിക്കും,” ഹെർസോഗ് പറഞ്ഞു.
വിമാനം തകർക്കാനുള്ള ശ്രമം തടയാൻ സഹപൈലറ്റിനെ കീഴടക്കിയ അഞ്ച് ഇസ്രായേൽ പൗരന്മാർക്കും പ്രസിഡന്റ് ഹെർസോഗ് ധീരതാ പുരസ്കാരങ്ങൾ സമ്മാനിച്ചിരുന്നു.
ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, വിമാനം നിയന്ത്രണത്തിലാക്കി തെൽ അവീവിലേക്ക് പറത്തുകയും അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചിറക്കുകയും ചെയ്യാനായിരുന്നു സഹപൈലറ്റിന്റെ ആദ്യ പദ്ധതി. സ്മിത് മച്ചാറിന്റെ ഇടപെടൽ ഈ നീക്കം തടയുകയായിരുന്നു. പിന്നീട് വിമാനം മരുഭൂമിയിൽ തകർക്കാൻ സഹപൈലറ്റ് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ദുബൈയിൽ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ട വിമാനത്തിൽ വെച്ച് ഒമാൻ പൗരനായ സഹപൈലറ്റ് ഹമ്മാം അൽ ഹമ്മാമിയാണ് വിമാനം തകർക്കാൻ ശ്രമിച്ചെന്നും, അതിനെ ക്യാപ്റ്റൻ സ്മിത് മച്ചാർ സാഹസികമായി ചെറുത്തു തോൽപ്പിച്ചെന്നുമാണ് റിപ്പോർട്ടുകൾ. കോക്പിറ്റിലെ എമർജൻസി കോടാലി ഉപയോഗിച്ചാണ് സഹപൈലറ്റ് ക്യാപ്റ്റൻ മച്ചാറെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്. 174 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം 34,000 അടി ഉയരത്തിൽ നിന്ന് 17,000 അടിയിലേറെ താഴ്ചയിലേക്ക് അതിവേഗം താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തള്ളിത്തുറന്നതിനെ തുടർന്ന് യാത്രക്കാർക്ക് അകത്തുകയറി അക്രമിയെ കീഴ്പെടുത്തുകയായിരുന്നു.
തുടർന്ന് ഡ്യൂട്ടിയിലല്ലാതിരുന്ന രണ്ട് പൈലറ്റുമാർ ചേർന്ന് സൗദി അറേബ്യയിലെ തബൂക്ക് നഗരത്തിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അക്രമിയായ പൈലറ്റിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. നിലവിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.