ട്രംപിനേക്കാൾ സുരക്ഷ; പാറ്റകളെ നേരിടാൻ ഡൽഹി പൊലീസിനൊപ്പം 26,000 സൈനികരും
ന്യൂഡൽഹി: വോട്ടർപ്പട്ടിക ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തെ നേരിടാൻ കേന്ദ്രം വിന്യസിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഒരുക്കിയതിനേക്കാൾ വലിയ സുരക്ഷ.ഡൽഹി പോലീസിനെക്കൂടാതെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസിൽ (CAPF) നിന്നുള്ള 26,000-ത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യവിച്ചിരിക്കുന്നത്. 221 കമ്പനി സേനയാണ് ഒരുമിച്ച് ഡൽഹി പോലീസിനൊപ്പം പ്രവർത്തിക്കുക.
സി.എ.പി.എഫിന്റെ (സി.ആർ.പി.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്) കുറഞ്ഞത് 110 അധിക കമ്പനികൾക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നാണ് ഈ കമ്പനികൾ എത്തിയിരിക്കുന്നത്. ഇതിനകം ഡൽഹിയിൽ നിലയുറപ്പിച്ചിട്ടുള്ള 111 കമ്പനികളോടൊപ്പം ഇവരും ചേരും. ഓരോ സി.എ.പി.എഫ് കമ്പനിയിലും 120-130 ഉദ്യോഗസ്ഥരുണ്ടാകും. 2020 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ സന്ദർശനവും ഡൽഹി കലാപവും ഒരേ സമയത്ത് നടന്നപ്പോഴാണ് സമീപകാലത്ത് ഇത്തരത്തിൽ വലിയ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നത്. അന്ന് 200-ൽ താഴെ കമ്പനികൾ മാത്രമേ ഞങ്ങളുടെ പക്കലുണ്ടായിരുന്നുള്ളൂവെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്രയും മറ്റ് പ്രതിപക്ഷ നേതാക്കളും ജന്തർമന്തർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനം, ആകാശവാണി ഭവൻ, രാജ്ഘട്ട്, കണാട്ട് പ്ലേസ് എന്നിങ്ങനെ വിവിധ വേദികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്.പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്തേക്കാമെന്നും വിവരമുണ്ട്.
കനത്ത നിരീക്ഷണം
റോഡ്, റെയിൽ, വ്യോമ മാർഗ്ഗങ്ങൾ വഴി പ്രതിഷേധക്കാർ ഡൽഹിയിൽ എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സി.ജെ.പി - ഇടത് നേതാക്കൾ എപ്പോഴാണ്, ഏത് മാർഗത്തിലൂടെയാണ് തലസ്ഥാനത്ത് എത്തുക എന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. നഗരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ നേതാക്കളെ തടയാനാണ് പോലീസ് പദ്ധതിയിടുന്നത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ അല്ലെങ്കിൽ ബസ് ടെർമിനലുകൾ എന്നിവിടങ്ങളിലെല്ലാം സി.എ.പി.എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നിലവിൽ, നിരോധനാജ്ഞ ന്യൂഡൽഹി പ്രദേശത്ത് മാത്രമാണ് ഉള്ളതെന്നും ശനിയാഴ്ച വിമാനത്താവളങ്ങൾക്കോ സ്റ്റേഷനുകൾക്കോ പുറത്തും ഇത് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കൂടാതെ, പ്രതിഷേധം സംഘടിപ്പിക്കരുതെന്നും വലിയ സംഘങ്ങളായി ഒത്തുകൂടരുതെന്നും ആവശ്യപ്പെട്ട് പൊലീസ് അനൗൺസ്‌മെന്റുകൾ നടത്തുന്നുണ്ട്. ഡൽഹിയിലുടനീളം സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകർക്കും പ്രത്യേക നിർദേശം
ഇത്തവണ മാധ്യമങ്ങൾക്കും പൊലീസ് പ്രത്യേക നിർദേശം ഇറക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ എപ്പോഴും തങ്ങളുടെ സാധുവായ തിരിച്ചറിയൽ കാർഡുകൾ പ്രദർശിപ്പിക്കണമെന്നും പോലീസ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷാവസ്ഥകളിൽ, സ്ഥലത്തെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവർത്തകർ ന്യായമായ അകലം പാലിക്കണമെന്നും പ്രതിഷേധക്കാരിൽ നിന്ന് അവരെ വ്യക്തമായി വേർതിരിച്ചറിയുന്ന രീതിയിൽ നിലയുറപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിഷേധ സ്ഥലത്തുള്ള ഭൂരിഭാഗം ആളുകളും അംഗീകൃത മാധ്യമപ്രവർത്തകരേക്കാൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണെന്ന പോലീസിന്റെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാർഗനിർദ്ദേശം പുറത്തിറക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. അംഗീകൃത മാധ്യമ സ്ഥാപനങ്ങളുമായി ബന്ധമില്ലാത്തതിനാൽ ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
മദ്യഷോപ്പുകൾ അടച്ചു
അടുത്ത രണ്ട് ദിവസത്തേക്ക് നഗരത്തിലെ എല്ലാ മദ്യഷോപ്പുകളും അടച്ചുപൂട്ടാൻ ഡൽഹി എക്സൈസ് വകുപ്പ് വ്യാഴാഴ്ച ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മദ്യഷോപ്പുകൾ അടച്ചുപൂട്ടുന്നത് സാധാരണമാണെങ്കിലും ജന്തർമന്തറിലെ ഒരു പ്രതിഷേധത്തിനായി മാത്രം നഗരത്തിലുടനീളം ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇത് ആദ്യമായാണെന്ന് ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസിന് ബോഡി ക്യാമറ
ഇത്തവണ ബോഡി ക്യാമറയുമായിട്ടായിരിക്കും പൊലീസ് സമരക്കാരെ നേരിടാനിറങ്ങുക. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചുവെന്ന ആരോപണങ്ങളെ തുടർന്നാണ് പൊലീസിന്റെ പുതിയ നീക്കം. 150-ലധികം ക്യാമറകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഗതാഗത പൊലീസ് ഉദ്യോഗസ്ഥർ വളരെക്കാലമായി ബോഡി-വോൺ ക്യാമറകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനായി ഇത്രയും വലിയ തോതിൽ ഈ ഉപകരണങ്ങൾ വിന്യവിക്കുന്നത് ഇതാദ്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശരീരത്തിൽ ധരിക്കുന്ന ക്യാമറകൾക്ക് പുറമേ, സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളും ഫോട്ടോകളും തെളിവായി സൂക്ഷിക്കുന്നതിനുമായി പൊലീസ് സ്വന്തം ഉദ്യോഗസ്ഥർക്ക് പുറമെ മറ്റ് ഫോട്ടോഗ്രാഫർമാരെയും നിയമിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.