പാകിസ്താനിൽ നിന്നും വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ ഇന്ത്യൻ സിമ്മുകൾ ഉപയോഗിച്ചു; അന്വേഷണം ആരംഭിച്ച് എൻ.ഐ.എ

ന്യൂഡൽഹി: പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാളിലെ ചാര നെറ്റ്‌വർക്കുകളെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. അതിർത്തിക്കപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ നിർമിക്കുന്നതിനായി ഇന്ത്യൻ സിം കാർഡുകൾ എങ്ങനെ സജീവമാക്കുകയും പിന്നീട് ഉപയോഗിക്കുകയും ചെയ്തു എന്നാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് വ്യക്തികളാണ് ഈ അന്വേഷണത്തിന്റെ പരിധിയിലുള്ളത്. പശ്ചിമ മേദിനിപൂരിൽ നിന്നുള്ള രണ്ടുപേരും മുർഷിദാബാമിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ഫോൺ നമ്പറുകൾ ദുരുപയോഗം ചെയ്ത് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർക്ക് രഹസ്യ വിവരങ്ങൾ കൈമാറാൻ കൂട്ടുനിന്നതായി ആരോപിക്കപ്പെടുന്നു. ഈ രണ്ട് കേസുകളും ഫെഡറൽ ഭീകരവിരുദ്ധ ഏജൻസി വെവ്വേറെയാണ് അന്വേഷിക്കുന്നത്, ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല. എന്നിരുന്നാലും ഇന്ത്യൻ സിം കാർഡുകൾ നൽകുകയും ഒ.ടി.പി അടിസ്ഥാനമാക്കി അവ ആക്ടീവ് ചെയ്യാൻ സഹായിക്കുകയും പാകിസ്താൻ ഹാൻഡ്ലർമാർക്ക് രഹസ്യവിവരങ്ങൾ കൈമാറുകയും ചെയ്യുന്ന വലിയൊരു ശൃംഖല ഇതിനു പിന്നിലുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

നേരത്തെ പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അന്വേഷിച്ചിരുന്ന ഈ കേസുകൾ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എൻ.ഐ.എക്ക് കൈമാറിയത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ സമാനമായ രീതിയിൽ ഇത്തരത്തിലുള്ള 400-ലധികം സിം കാർഡുകൾ ആക്ടീവ് ചെയ്തിട്ടുണ്ടാകാമെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. അതിർത്തി കടന്നുള്ള ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Indian SIMs used to operate WhatsApp from Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.