ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾ വളരെ കുറവ്; ആശങ്ക രേഖപ്പെടുത്തി യുനെസ്കോ
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ ആൺ-പെൺ വ്യത്യാസം കുറച്ചുകൊണ്ടുവരുന്നതിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ പെൺകുട്ടികൾ ഇപ്പോഴും ഏറെ പിന്നിലാണെന്ന് പുതിയ യുനെസ്കോ റിപ്പോർട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പാരീസിൽ വെച്ച് പുറത്തുവിട്ട 'ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ്' റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം നഗരപ്രദേശങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കുമ്പോൾ ഗ്രാമങ്ങളിൽ സ്ഥിതി തികച്ചും ആശങ്കാജനകമാണ്. ഗ്രാമീണ മേഖലയിൽ 100 ആൺകുട്ടികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ വെറും 59 പെൺകുട്ടികൾക്ക് മാത്രമാണ് പഠനം പൂർത്തിയാക്കാൻ സാധിക്കുന്നത്.
'വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിലെ ലിംഗസമത്വം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പൊതുവായ ജെൻഡർ പാരിറ്റി ഇൻഡക്സ് 0.89 ആണ്. അതായത് രാജ്യത്താകമാനം 100 ആൺകുട്ടികൾക്ക് 89 പെൺകുട്ടികൾ എന്ന നിരക്കിലാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടുന്നത്. എന്നാൽ ഗ്രാമങ്ങളിലേക്ക് വരുമ്പോൾ ഈ നിരക്ക് കുത്തനെ ഇടിഞ്ഞ് 0.59 ആയി മാറുന്നു. ദക്ഷിണ-മധ്യേഷ്യൻ രാജ്യങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി മികച്ച മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യക്കുള്ളിലെ ഇത്തരം ഗ്രാമീണ-നഗര വ്യത്യാസങ്ങൾ വലിയൊരു വെല്ലുവിളിയായി തുടരുകയാണ്.
കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ സ്കൂളുകളിൽ നിലനിർത്തുന്നതിന് പഠനച്ചെലവുകൾ കുറക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ഗ്രാമീണ മേഖലകളിലെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സൗജന്യ ഉച്ചഭക്ഷണ പദ്ധതികൾ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലുടനീളം സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങൾ നിർമിച്ചത് കൗമാരക്കാരായ വിദ്യാർഥിനികളുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമായി. പുസ്തകങ്ങൾ, യാത്രാസൗകര്യം, യൂണിഫോം, താമസം എന്നിവക്കുള്ള ചിലവുകളാണ് പലപ്പോഴും പെൺകുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങാൻ കാരണമാകുന്നത്.
കർണാടകയിലെ ചില ഗ്രാമങ്ങളിൽ പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്ലബ്ബുകൾ വഴി പഠനം പൂർത്തിയാക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ശൈശവ വിവാഹം ഇപ്പോഴും വലിയൊരു പ്രതിസന്ധിയായി തുടരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കണക്കുകളിലെ തുല്യതക്കപ്പുറം സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉച്ചഭക്ഷണം, സുരക്ഷ, യാത്രാസൗകര്യം എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്കും പൂർണമായ അർത്ഥത്തിൽ വിദ്യാഭ്യാസം ലഭ്യമാക്കാൻ സാധിക്കൂ എന്ന് യുനെസ്കോ അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.