‘ഹൃദയം നിറയെ സ്നേഹവുമായി മടങ്ങുന്നു’; ബംഗളൂരുവിന് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ
ബംഗളൂരു: രണ്ട് ദിവസത്തെ സന്ദർശനവും പ്രതിഷേധ പരിപാടികളും പൂർത്തിയാക്കി മടങ്ങുമ്പോൾ ബംഗളൂരുവിന് നന്ദി പറഞ്ഞ് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ. ഹൃദയം നിറയെ സ്നേഹവുമായാണ് മടങ്ങുന്നതെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം എഴുതി.
കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച സ്നേഹവും അനുകമ്പയും തന്നെ അത്ഭുതപ്പെടുത്തിയെന്നും താനുമായി സംസാരിച്ചവരും അറിവുകൾ പങ്കുവെച്ചവരും നൽകിയ പിന്തുണ വലിയ പ്രചോദനമാണെന്നും അദ്ദേഹം കുറിച്ചു. അപരിചിതനായാണ് ബംഗളൂരുവിലെത്തിയതെങ്കിലും തിരിച്ചുപോകുന്നത് ഒരു കുടുംബത്തെ ലഭിച്ച സന്തോഷത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
തന്റെ പുതിയ കുടുംബമായി മാറിയ കവിത ലങ്കേഷിനും ഈഷ ലങ്കേഷിനും അവർ നൽകിയ സ്നേഹവും ദയയും എന്നും ഓർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ബംഗളൂരുവിലേക്ക് ക്ഷണിച്ച നടൻ പ്രകാശ് രാജിനും മൂത്ത സഹോദരി അഫ്രീൻ നവാസിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
മനോഹരമായ ഓർമ്മകൾ മാത്രമല്ല, തിരിച്ചുവരാൻ ഒരു വീട് കൂടിയാണ് ഈ നഗരം തനിക്ക് നൽകിയതെന്നായിരുന്നു ദീപ്കെയുടെ വാക്കുകൾ. തിരിച്ചുവരാൻ ഒരു കാരണവും ഒരു വീടും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം പരിഷ്കരണത്തിന്റെ പേരിൽ നിരവധി വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ചു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരണമെന്ന് ദീപ്കെ ആവശ്യപ്പെട്ടു.
എസ്.ഐ.ആർ റദ്ദാക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സി.ജെ.പി സ്ഥാപകൻ കൂടിയായ അഭിജിത് സമര പരിപാടികൾ വിശദീകരിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്താലും തടങ്കലിലാക്കിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിശ്ചയിച്ച മാർച്ച് നടക്കുമെന്നും ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ പോലും അനുവദിക്കാത്ത കേന്ദ്ര നിലപാടിനെയും ചോദ്യം ചെയ്തു. മുംബൈയിലും ബംഗളൂരുവിലും സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അനുമതി നൽകുമ്പോൾ ഡൽഹിയിൽ മാത്രം എന്തുകൊണ്ട് വിലക്കെന്നും അദ്ദേഹം ചോദിച്ചു.ജന്തർ മന്തർ ആഭ്യന്തര മന്ത്രി അമിത് ഷായുടേതല്ല, ഈ രാജ്യത്തെ ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഒന്നിക്കണമെന്നും ദീപ്കെ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.