‘ഇത് അടിയന്തിരാവസ്ഥ’; പ്രക്ഷോഭത്തിന് മുന്നോടിയായി രാജ്യത്താകമാനം 10,000 പേരെ തടവിലാക്കിയതായി സി.ജെ.പി

ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി രാജ്യത്തുടനീളം 10,000 പേരെയെങ്കിലും തടവിലാക്കിയതായി പാർട്ടി വക്താവ് അശുതോഷ് റങ്ക. വിദ്യാർഥികൾ, കർഷക സംഘടന പ്രവർത്തകർ, ദലിത് സംഘടന പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ എന്നിവരെ കസ്റ്റഡിയിലെടുത്തതായി അശുതോഷ് റങ്ക ആരോപിച്ചു.

പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് യാത്രതിരിച്ച പൂനെയിലെ വിദ്യാർഥികളും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നുവെന്ന് സി.ജെ.പി അറിയിച്ചു. ഇവരെ ബസിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പാർട്ടി ആരോപിച്ചു.

പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങളോട് പ്രതികരിച്ച പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ, പ്രതിഷേധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു."എന്തുകൊണ്ട് രാജ്യത്ത് ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൂടാ?" എന്ന് അദ്ദേഹം ചോദിച്ചു. മുംബൈയിലും ബംഗളൂരുവിലും സമാധാനപരമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഡൽഹിയിൽ മാത്രം അതിന് അനുമതി നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. “ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേതല്ല,” ദിപ്‌കെ പറഞ്ഞു. 

ഇതിനിടെ സി.ജെ.പി ദേശീയ വക്താവ് ദീപക് ബലിയാൻ ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ നേതാക്കളെ കസ്റ്റഡിയിലെടുത്താലും പാർട്ടി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. വോട്ടവകാശം സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റി സംഘടനകളും സാമൂഹിക പ്രവർത്തകരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) നടപടികൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും  പ്രതിഷേധിച്ചാണ് സി.ജെ.പി ജന്തർ മന്തറിൽ മാർച്ച് പ്രഖ്യാപിച്ചിരുന്നത്.ആധാർ, പാൻ കാർഡുകൾ ഉൾപ്പെടെയുള്ള കൃത്യമായ രേഖകൾ കൈവശമുള്ള ജീവിച്ചിരിക്കുന്ന വോട്ടർമാരെ പോലും മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ദിപ്കെ ആരോപിച്ചു. ഭരണകക്ഷിയെ പിന്തുണക്കാത്തവരുടെ വോട്ടുകൾ വെട്ടിമാറ്റാൻ ഭരണകൂടവും തെരഞ്ഞെടുപ്പ് കമീഷനും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിലാണ് വോട്ടർമാർ വ്യാപകമായി ഒഴിവാക്കപ്പെട്ടതെന്നും പാർട്ടി വ്യക്തമാക്കി.

ഡൽഹിക്ക്‌ പുറമെ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർക്കും യുവജന പ്രസ്ഥാനങ്ങൾക്കും നേരെ വ്യാപകമായ കരുതൽ തടങ്കലാണ് നടക്കുന്നതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസും ആരോപിച്ചു. അറസ്റ്റുകളെയും തടവുകളെയും ആരും ഭയപ്പെടുന്നില്ലെന്നും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ പ്രകാശ് രാജും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ സിവിൽ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - 10,000 detained across India ahead of Delhi's Jantar Mantar stir, says CJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.