ചെന്നൈ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും കീഴടങ്ങാതിരുന്ന ശരവണ ഭവൻ ഹോട്ടലുടമ പി. രാജഗോപാൽ, കൂട്ടുപ്രതി ജനാർദനൻ എന്നി വർ ഒടുവിൽ ജയിലിൽ. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ചെന്നൈ നാലാം അഡീ ഷനൽ സെഷൻസ് കോടതിയിൽ കീഴടങ്ങിയ ഇരുവരെയും പുഴൽ ജയിലിലടക്കാൻ ജ ഡ്ജി ജി. ധനേന്ദ്രൻ ഉത്തരവിട്ടു.
അനാരോഗ്യം ചൂണ്ടിക്കാട്ടി കീഴടങ്ങാൻ വി സമ്മതിച്ചിരുന്ന ഇരുവരെയും ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്. രണ്ടു വർഷത്തെ ജയിൽശിക്ഷയാണ് ജനാർദനന് വിധിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയിൽശിക്ഷ ഏറ്റുവാങ്ങുന്നതിന് സാവകാശം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളിയതോടെയാണ് രാജഗോപാൽ ഒടുവിൽ കീഴടങ്ങാനെത്തിയത്. ഉടനടി ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം.
11 പ്രതികളുള്ള പ്രിൻസ് ശാന്തകുമാർ വധക്കേസിൽ വൈ. ഡാനിയേൽ, സക്കീർ ഹുസൈൻ, സി. തമിഴ്ശെൽവൻ, എ. മുരുകാനന്ദം, എം. കാർമേഘം, കാശിവിശ്വനാഥൻ, എൻ. പട്ടിരാജൻ, വി.എസ്. സേതു, ബാലു എന്നിവർ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.
ആംബുലൻസിൽനിന്ന് ആദ്യം ജനാർദനനെ പുറത്തേക്കെടുത്ത് ചക്രക്കസേരയിലിരുത്തി കോടതിയിൽ ഹാജരാക്കി. രാജഗോപാലിനെ സ്ട്രെച്ചറിലും അകത്തേക്കു കൊണ്ടുപോയി. ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്ന ഇവരുടെ അഭിഭാഷകർ അഭ്യർഥിച്ചെങ്കിലും ജയിലിൽ അടക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ചികിത്സാവിഷയത്തിൽ ജയിൽ അധികൃതരും പൊലീസും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജഡ്ജി അറിയിച്ചു.
വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യപ്രശ്നങ്ങൾ തടവുശിക്ഷ ആരംഭിക്കുന്നഘട്ടത്തിൽ ബോധിപ്പിക്കുന്നതിെൻറ നിയമസാധുത ചോദ്യംചെയ്താണ് ഹരജി തള്ളിയത്. 2009ലാണ് മദ്രാസ് ഹൈകോടതി രാജഗോപാലിന് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ 10 വർഷത്തിനുശേഷം 2019 മാർച്ചിൽ സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.