ഗാന്ധിജിയെ കൊന്നതിന്​ ഗോഡ്​സെക്ക്​ സല്യൂട്ടടിച്ച കാളിചരൺ മഹാരാജ്​ അറസ്റ്റിൽ

മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസില്‍ ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഡിസംബർ 26ന് ഛത്തീസ്ഗഡില്‍ നടന്ന പരിപാടിയിൽ ഗാന്ധിജിക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിന് പുറമെ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കാളീചരണിനെതിരെ കേസെടുത്തിരുന്നു. സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ റായ്പൂരിൽ നിന്നാണ് താനെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിൽ എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര അവ്‌ഹദ് നൗപദ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കാളിചരണിനെതിരെ കേസെടുത്തത്. നൗപദ ​​പൊലീസ് സ്റ്റേഷനിലെ എട്ടംഗ സംഘം റായ്പൂരിലെത്തി കാളീചരൺ മഹാരാജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടര്‍ന്ന് ദ്വാരക കോടതിയില്‍ ഹാജരാക്കിയ മഹാരാജിനെ റിമാന്‍ഡില്‍ വിട്ടു.

താനെ ജില്ലയിലെ കല്യാണിലെ കോൽസെവാഡിയിൽ കാളീചരണിനെതിരെ ഒരു എഫ്‌.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തതിനാൽ അവിടെ നിന്നുള്ള ഒരു സംഘം വീണ്ടും റായ്പൂരിലേക്ക് പോയി കേസിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. ജനുവരി 12ന് മഹാരാഷ്ട്രയിലെ വാർധയിലെ പൊലീസ് സമാനമായ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ അകോല പൊലീസും കേസെടുത്തിട്ടുണ്ട്. നേരത്തെ, 2021 ഡിസംബർ 19ന് നടന്ന 'ശിവപ്രതാപ് ദിന്‍' പരിപാടിയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് കാളീചരൺ മഹാരാജിനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗാന്ധിജിക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും വിവാദ പരാമര്‍ശങ്ങളാണ് കാളിചരണ്‍ നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്‍ലിം സമുദായത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്‌സെയെ സല്യൂട്ട് ചെയ്യുന്നു എന്നും കാളിചരണ്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Mumbai: Thane police take custody of Kalicharan Maharaj from Raipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.