മുംബൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകരും ആദിവാസികളും നടത്തിയ സമരം മഹാരാഷ്ട്ര സർക്കാർ നൽകിയ ഉറപ്പിൽ അവസാനിപ്പിച്ചു. വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് തിരിച്ചു നൽകുന്നത് ഡിസംബറോടെ പൂർത്തിയാക്കും, കുറഞ്ഞ നിരക്കിൽ കർഷകർക്ക് വിത്തുകൾ നൽകും, സ്വന്തം പേരിലല്ലാത്ത പാടത്ത് കൃഷിയിറക്കി നാശം നേരിട്ടവർക്കും നഷ്ടപരിഹാരം നൽകും തുടങ്ങിയ ഉറപ്പുകളാണ് സർക്കാർ നൽകിയത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ആദിവാസിക്ഷേമ മന്ത്രി വിഷ്ണു സാവരെ തുടങ്ങിയവരുമായി ലോക് സംഘർഷ് മോർച്ച ജനറൽ സെക്രട്ടറി പ്രതിഭ ഷിൻഡെയുടെ നേതൃത്വത്തിലുള്ള കർഷകപ്രതിനിധികൾ നിയമസഭ കെട്ടിടത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. 3.60 ലക്ഷം നഷ്ടപരിഹാര അപേക്ഷകളാണ് കർഷകരിൽനിന്ന് ലഭിച്ചതെന്നും അവയിൽ 1.74 ലക്ഷം പേർക്ക് ആനുകൂല്യം അനുവദിച്ചതായും വിഷ്ണു സാവരെ പറഞ്ഞു. രാത്രി ഏഴരയോടെ കർഷകസമരം നടക്കുന്ന ആസാദ് മൈതാനത്ത് കർഷകപ്രതിനിധികൾക്ക് ഒപ്പമെത്തിയ ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് സർക്കാർ തീരുമാനങ്ങൾ അറിയിച്ചത്.
കഴിഞ്ഞ മാർച്ചിൽ ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽനിന്ന് മുംബൈയിലേക്ക് നടന്നെത്തിയ കർഷകർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് ലോക് സംഘർഷ് മോർച്ചയുടെ നേതൃത്വത്തിൽ വീണ്ടും കർഷകർ റാലി നടത്തിയത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തി മുളുണ്ട് ടോൾ പ്ലാസ പരിസരത്ത് ഒത്തുകൂടിയ കർഷകർ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ ആസാദ് മൈതാനത്തേക്ക് മാർച്ച് തുടങ്ങിയത്. രാത്രി സോമയ്യ കോളജ് മൈതാനത്ത് തങ്ങിയ കർഷകർ 40കി.മീറ്റർ കാൽനടയായി വ്യാഴാഴ്ച ഉച്ചയോടെ ആസാദ് മൈതാനത്ത് ഒഴുകിയെത്തി. ഇരുപതിനായിരത്തോളം കർഷകർ റാലിയിൽ പെങ്കടുത്തു. ഭരണകക്ഷിയായ ശിവസേന ഉൾപ്പെടെ സമരത്തെ പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.