മുംബൈ: ഇന്നലെ അന്തരിച്ച ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ ഒരു വർഷം മുൻപ് ചികിത്സയിലായിരുന്ന മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടർമാരുടെ കണ്ണിലുണ്ണിയായിരുന്നു. അമിതഭാരത്തിന് അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇമാന്‍റെ പൊടുന്നനെയുള്ള മരണം ആശയക്കുഴപ്പങ്ങൾക്കിടിയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ചികിത്സ അവസാനിപ്പിച്ച് അബുദാബിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതാണ് ഇമാന്‍റെ മരണത്തിന് കാരണമെന്ന് സെയ്ഫി ആശുപ്ത്രിയിലെ ചില ഡോക്ടർമാരെങ്കിലും വിശ്വസിക്കുന്നു.
2017 ഫെബ്രുവരിയിലാണ് മുംബൈയിൽ ഇമാൻ ചികിത്സക്കെത്തിയത്. 500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്‍റെ 330 കിലോ ഭാരം കുറക്കാൻ തങ്ങൾക്കായി എന്നാണ് സെയ്ഫി ആശുപ്ത്രിയിലെ ഡോക്ടർമാരുടെ അവകാശവാദം. വിവിധ സ്പെഷ്യാലിറ്റികളിലെ 20 വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമായിരുന്നു ഇമാനെ ചികിത്സിച്ചത്. ചികിത്സ പുരോഗമിക്കുന്നതിനിടെ കുടുംബാഗങ്ങൾ ഇമാനെ അബുദാബിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇമാനെ ചികിത്സിച്ച ഡോക്ടർമാരിലൊരാളായ അപർണ ഗോവിൽ ഭാസ്ക്കർ പറയുന്നു- ഇമാനെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയത് വലിയ തെറ്റാണ്. ഞങ്ങളുടെ അപേക്ഷകളും നിർദേശങ്ങളും വകവെക്കാതെയാണ് കുടുംബം അവരെ കൊണ്ടുപോകാൻ തീരുമാനിച്ചത്. അവൾ ഞങ്ങൾക്ക് ഒരു കുട്ടിയെ പോലെയായിരുന്നു. ഇമാൻ മരിച്ചുവെന്ന വാർത്ത ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ചു.
ഇമാനെ പരിചരിച്ചിരുന്ന നഴ്സുമാരും ഡോക്ടർമാരും ഇമാനെ സ്നേഹപൂർവം സ്വീറ്റി എന്നാണ് വിളിച്ചിരുന്നത്. അവർക്ക് ഇപ്പോഴും മരണവാർത്തയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.
ഹൃദ്രോഗവും കിഡ്നി സംബന്ധമായ രോഗവും ചേർന്നുണ്ടായ പ്രശ്നങ്ങൾ മൂലമാണ് ഇമാൻ മരിച്ചതെന്ന് ബുർജീൽ ആശുപ്ത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.