ബാലറ്റ് പേപ്പറിൽ മത്സരിക്കാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ കൂറ്റൻ ‘വോട്ട് ചോർ’ റാലി

ന്യൂഡൽഹി: രാഹുലും പ്രിയങ്കയും  മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള മുൻനിര കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകിയ കൂറ്റൻ ‘വോട്ട് ചോർ’ റാലി ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്നു. എസ്.ഐ.ആർ ക്രമക്കേടും വോട്ടു മോഷണവും ആരോപിച്ച് കേന്ദ്ര സർക്കാറിനെതിരെ നടത്തിയ റാലിയിൽ വൻ പ്രതിഷേധം അലയടിച്ചു. 

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടവും സംശയം ജനിപ്പിക്കുന്നതാണെന്ന് ‘വോട്ട് ചോർ, ഗഡ്ഡി ചോഡ്’ മെഗാ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.  മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരും ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ എങ്ങനെ ഗൂഢാലോചന നടത്തിയെന്ന് ഉത്തരം നൽകണമെന്ന് അവർ ആവശ്യ​പ്പെട്ടു. രാജ്യത്തെ സ്ഥാപനങ്ങൾ തകർക്കപ്പെടുമ്പോൾ ഇന്ത്യക്കാർ അതിനെതിരെ ഉണരണം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെയും കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനെയും വിവേക് ​​ജോഷിയെയും അവർ പേരെടുത്തു പറഞ്ഞു.

ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാൻ ‘ഗൂഢാലോചന’ നടത്തിയതിന് ഒരു ദിവസം അവർ ഉത്തരം നൽകാൻ നിർബന്ധിതരാകുമെന്നും അന്ന് അവരെ രക്ഷിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു. ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ബി.ജെ.പിയെ വെല്ലുവിളിക്കുന്നു. അവർ ഒരിക്കലും വിജയിക്കില്ലെന്ന് അവർക്കറിയാമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ബി.ജെ.പിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. വോട്ട് ചോരി’യിൽ മുഴുകുന്നവർ ‘രാജ്യദ്രോഹികൾ’ ആണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാൻ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണ്. ഈ പാർട്ടിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. ആർ‌.എസ്‌.എസ് പ്രത്യയശാസ്ത്രം രാഷ്ട്രത്തെ അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

തന്റെ പാർട്ടി സത്യത്തോടൊപ്പം നിലകൊള്ളുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, നരേന്ദ്ര മോദി-ആർ‌.എസ്‌.എസ് സർക്കാറിനെ നീക്കം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Tags:    
News Summary - Huge 'Vote Chor' rally in Delhi led by Rahul and Priyanka challenging BJP to contest elections on ballot papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.