മുംബൈ: 93’ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ ടാഡ കോടതി കുറ്റക്കാരനെന്ന് വിധിച്ച പ്രതി അധോലോക നേതാവ് മുസ്തഫ ദോസ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആർതർ റോഡ് ജയിലിൽ കഴിയുന്ന മുസ്തഫയെ നെഞ്ചു വേദനയെ തുടർന്ന് ബുധനാഴ്ച പുലർച്ചെ മൂന്നിന് ജയിലിനകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ജെ.ജെ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.
കഴിഞ്ഞ 16നാണ് മുസ്തഫ ദോസ അടക്കം ആറു പേർ കുറ്റക്കാരെന്ന് ടാഡ കോടതി വിധിച്ചത്. പ്രോസിക്യൂഷൻ വാദം പൂർത്തിയാകാനിരിക്കെയാണ് മരണം. ചൊവ്വാഴ്ച മുസ്തഫയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൃദയം തകരാറിലാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും മുസ്തഫ കോടതിയിൽ അപേക്ഷിച്ചിരുന്നു. വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
സ്ഫോടനത്തിെൻറ ആദ്യ ഗൂഢാലോചന മുസ്തഫയുടെ ദുബൈയിലെ വസതിയിലാണ് നടന്നതെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിൽ ആദ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മുസ്തഫയെ 2012ൽ ദുബൈ പൊലീസ് പിടികൂടി ഇന്ത്യക്ക് കൈമാറുകയായിരുന്നു. വിചാരണ തടവുകാരനായി കഴിയുന്നതിനിടെ ജയിലറെയും സഹ പ്രതി അബുസലീമിനെയും ആക്രമിച്ചും തെൻറ ജ്വല്ലറിക്ക് മോഡലിനെ കണ്ടെത്താൻ കോടതി വളപ്പിൽ മോഡലുകളുടെ പരേഡ് നടത്തിയും വിവാദമുണ്ടാക്കി. സ്ഫോടന പരമ്പര കേസിൽ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് ദോസ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.