ചെന്നൈ: മുൻ എൽ.ടി.ടി.ഇ തലവൻ വി. പ്രഭാകരൻ്റെ ചരമവാർഷികത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ് ആദരാഞ്ജലി അർപ്പിച്ചത് വിവാദമാവുന്നു. വിജയ്‌യുടെ ന്യൂനപക്ഷ സർക്കാരിനെ പിന്തുണക്കുന്ന കോൺഗ്രസ് പാർട്ടിയെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ട് ബി.ജെ.പി. രംഗത്തെത്തി. എന്നാൽ തങ്ങളുടെ നേതാവിന്റെ വാക്കുകൾ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട തമിഴ് ജനതക്കുളളതാണെന്ന വിശദീകരണവുമായി ടി.വി.കെയും പ്രതിരോധം തീർത്തു.
തിങ്കളാഴ്ചയാണ് മുള്ളിവൈക്കാൽ അനുസ്മരണ ദിനത്തിൽ മുഖ്യമന്ത്രി വിജയ് തൻ്റെ എക്സിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ''മുള്ളിവൈക്കാൽ ഓർമ്മകളെ നമ്മൾ ഹൃദയത്തിൽ വഹിക്കും! കടലിനക്കരെ ജീവിക്കുന്ന നമ്മുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി നമ്മൾ എപ്പോഴും ഒപ്പം നിൽക്കും" എന്നായിരുന്നു വിജയ്‌യുടെ സന്ദേശം.
2009 മേയ് 18-നാണ് ശ്രീലങ്കൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ എൽ.ടി.ടി.ഇ. തലവൻ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിൽ ഭരണത്തിലിരിക്കുന്ന പാർട്ടികൾ സാധാരണയായി പ്രഭാകരനെ പരസ്യമായി പിന്തുണക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാറുള്ള പശ്ചാത്തലത്തിലാണ് വിജയ്‌യുടെ ഈ പോസ്റ്റ് ചർച്ചയായത്.
വിജയ്‌യുടെ പോസ്റ്റിന് പിന്നാലെ ബി.ജെ.പി. ഐടി സെൽ മേധാവി അമിത് മാളവ്യ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. 1991-ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എൽ.ടി.ടി.ഇ വധിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ ഈ സംഘടനയെ നിരോധിച്ചതാണ്. തൻ്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായ സംഘടനയുടെ തലവന് തമിഴ്‌നാട് മുഖ്യമന്ത്രി ആദരവ് അർപ്പിച്ചിട്ടും രാഹുൽ ഗാന്ധിക്ക് അതിൽ ഒരു പ്രശ്നവുമില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. തമിഴ്‌നാട്ടിൽ അധികാരത്തിന്റെ ഒരു പങ്ക് ലഭിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.
വിജയ്‌യുടെ സന്ദേശം കേവലം പ്രഭാകരന്റെ മരണത്തെക്കുറിച്ചുള്ളതല്ലെന്നും, 2009-ൽ ശ്രീലങ്കയിലെ മുള്ളിവൈക്കാൽ തീരദേശ ഗ്രാമത്തിൽ നടന്ന ക്രൂരമായ സൈനിക നീക്കത്തിൽ ദാരുണമായി കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത പതിനായിരക്കണക്കിന് തമിഴ് ജനങ്ങളുടെ ഓർമ്മ പുതുക്കലാണെന്നും ടി.വി.കെ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.