കർണാടകയിൽ കന്നടികരാണ് പരമാധികാരി, അവഗണന അനുവദിക്കില്ല; ഐടി കമ്പനികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡികെ ശിവകുമാർ

ബംഗളൂരു: ബംഗളൂരുവിലെ ഐടി കമ്പനികളിൽ കന്നടികർക്ക് ജോലി നിഷേധിക്കപ്പെടുന്നുവെന്ന പരാതിയിൽ ശക്തമായ മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. സ്വകാര്യ സ്ഥാപനങ്ങൾ നിയമനത്തിൽ കന്നടികരെ മനഃപൂർവം മാറ്റിനിർത്തിയാൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശികരുടെ അവകാശങ്ങളും അന്തസും തൊഴിൽ അവസരങ്ങളും ഒരു കാരണവശാലും ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ പറഞ്ഞു.

സമൂഹമാധ്യമമായ എക്സിൽ ഞായറാഴ്ച പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബംഗളൂരുവിലെ ഐടി കമ്പനികളിൽ കന്നട മാതൃഭാഷയുള്ളവർക്ക് തൊഴിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന പരാതി കേൾക്കുന്നതിൽ വിഷമമുണ്ടെന്നും, വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കുറിച്ചു. രാവിലെ പങ്കുവെച്ച കുറിപ്പ് ഇതിനകം 1.78 ലക്ഷത്തിലധികം പേരാണ് കണ്ടത്.

"കർണാടകയിൽ കന്നടികരാണ് പരമാധികാരി. കന്നഡിഗരുടെ അവകാശങ്ങളും അന്തസും അവസരങ്ങളും ഒരു കാരണവശാലും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ല. ലോകം ബംഗളൂരുവിനെ ഇന്ത്യയുടെ ടെക്നോളജി തലസ്ഥാനമായാണ് കാണുന്നത്. അതിന് പിന്നിൽ കന്നടികരുടെ കഴിവും പ്രാപ്തിയുമാണ്. കന്നടികരുടെ ശബ്ദമെന്ന നിലയിൽ അവരുടെ ആശങ്കകളോട് പ്രതികരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരവധി വീഡിയോകൾക്ക് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ബംഗളൂരുവിൽ കന്നടികർക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിക്കുന്ന വിഡിയോകളാണ് പ്രചരിക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിൽ പ്രചരിച്ച വിഡിയോയിൽ ഒരു യുവതി ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ബയോഡാറ്റയിൽ കന്നട അറിയാമെന്ന് രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥികളെ ബംഗളൂരു കേന്ദ്രമായുള്ള കമ്പനികൾ തിരസ്കരിക്കുകയാണെന്നും, വളരെ കുറച്ച് കന്നടികരെ മാത്രമേ നിയമിക്കുന്നുള്ളൂവെന്നും യുവതി ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന കാമ്പസ് ഇന്റർവ്യൂകളിൽ കുറഞ്ഞ ശമ്പളത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതായും അവർ പറഞ്ഞു. ഇതുമൂലം തങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പറഞ്ഞ യുവതി, വിഷയത്തിൽ ഇടപെടണമെന്ന് ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ചിരുന്നു.

Tags:    
News Summary - Karnataka Warns IT Companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.